Saturday, January 4, 2025
Kerala

90 കിലോ മീറ്റർ വേഗത്തിൽ ഓടിക്കുന്നത് വിഡ്ഡിത്തം, വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുയോജ്യമല്ലെന്ന് ഇ ശ്രീധരൻ

കൊച്ചി: വന്ദേഭാരത് ട്രെയിൻ കേരളത്തിന് അനുയോജ്യമല്ലെന്ന് ഇ ശ്രീധരൻ. 90 കിലോ മീറ്റർ വേഗത്തിൽ വന്ദേഭാരത് ഓടിക്കുന്നത് വിഡ്ഡിത്തമാണ്. കേരളത്തിലെ ട്രാക്കുകളിലെ വളവുകൾ പുനക്രമീകരിക്കാൻ കുറഞ്ഞത് പത്ത് വർഷമെങ്കിലുമെടുക്കും.എന്നാൽ ആറോ ഏഴോ വർഷം കൊണ്ട് സെമി ഹൈസ്പീഡ് റെയിൽ ഉണ്ടാക്കാമെന്നും ഇ.ശ്രീധരൻ പറഞ്ഞു. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

ഏപ്രില്‍ 14ന് വൈകുന്നേരം ആറ് മണിക്കാണ് വന്ദേഭാരത് ട്രെയിന്‍ കൊച്ചുവേളിയിലെ പ്രത്യേക യാര്‍ഡിലെത്തിയത്. ഇന്ത്യയുടെ സ്വന്തം സെമി ഹൈസ്പീഡ് ട്രെയിനായ വന്ദേഭാരതിന്‍റെ പരമാവധി വേഗത 180 കിലോ മീറ്ററാണ്. കേരളത്തിനുള്ള വിഷുക്കൈനീട്ടമാണ് വന്ദേഭാരത് എന്നാണ് ബിജെപിയുടെ പ്രതികരണം.വന്ദേ ഭാരതിന് ആറ് സ്റ്റോപ്പുകൾ ആയിരിക്കുമെന്നാണ് സൂചന. സിൽവർ ലൈനിന് ദില്ലി നോ പറഞ്ഞതോടെ വന്ദേഭാരത് എങ്കിലും വേണമെന്ന നിലപാട് സംസ്ഥാന സർക്കാർ എടുത്തിരുന്നു. എന്നാല്‍ വന്ദേ ഭാരത് ട്രെയിന്‍ എത്തുന്നത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരിന് അറിയിപ്പുകളൊന്നും ലഭിച്ചില്ലെന്നാണ് മന്ത്രി വി അബ്ദുറഹ്മാൻ വിശദമാക്കിയത്.

കഴിഞ്ഞയാഴ്ചയാണ് ചെന്നൈ-കോയമ്പത്തൂർ വന്ദേഭാരത് സർവീസ് ആരംഭിച്ചത്. തമിഴ്നാട്ടിലെ രണ്ട് പ്രധാന ന​ഗരങ്ങളെ അ‍ഞ്ച് മണിക്കൂർ കൊണ്ട് ബന്ധിപ്പിക്കാനാകുമെന്നതാണ് നേട്ടം. ചെന്നൈയിൽ നിന്ന് കോയമ്പത്തൂരിലേക്ക് 508 കിലോമീറ്ററാണ് ദൂരം. തിരുവനന്തപുരത്ത് നിന്ന് കണ്ണൂരിലേക്ക് 501 കിലോമീറ്ററാണ് ദൂരം. ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനനുസരിച്ച് തിരുവന്തപുരം-കണ്ണൂർ സർവീസിന് ഏഴ് മണിക്കൂറെടുക്കുമെന്നതടക്കമുള്ള ചര്‍ച്ചകള്‍ സജീവമായിരിക്കെയാണ് മെട്രോ മാന്‍ ഇ ശ്രീധരന്‍റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *