വന്ദേഭാരത് രണ്ടാം ട്രയല്‍ റണ്‍ ആരംഭിച്ചു; ട്രെയിന്‍ പുറപ്പെട്ടത് തമ്പാനൂരില്‍ നിന്ന്
വന്ദേ ഭാരത് എക്‌സ്പ്രസ് തീവണ്ടിയുടെ രണ്ടാമത്തെ ട്രയല്‍ റണ്‍ ആരംഭിച്ചു. തിരുവനന്തപുരം സെന്‍ട്രല്‍ റയില്‍വേ സ്റ്റേഷനില്‍ നിന്ന് 5.20 നാണ് യാത്ര ആരംഭിച്ചത്. തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാകും ട്രയല്‍ റണ്‍ നടക്കുക. തമ്പാനൂര്‍ നിന്നും രണ്ടാമത്തെ പ്ലാറ്റഫോമില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെട്ടത്.
നിരവധി പേരുടെ ആവശ്യപ്രകാരമാണ് വന്ദേഭാരത് എക്‌സ്പ്രസ് സര്‍വീസ് കാസര്‍ഗോഡ് വരെ നീട്ടിയത്. ഇന്നലെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
എക്‌സ്പ്രസിന്റെ സമയക്രമവും ടിക്കറ്റ് നിരക്കും തീരുമാനിച്ചിരുന്നു. തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ രാവിലെ 5.10നാണ് പുറപ്പെടുക. ട്രെയിന്‍ ഉച്ചയ്ക്ക് 12.30ഓടെ കണ്ണൂരിലെത്തും. കാസര്‍ഗോഡിലേക്ക് നീട്ടിയതിനാല്‍ പരിഷ്‌കരിച്ച സമയക്രമം ഉടന്‍ പുറത്തിറങ്ങിയേക്കും.
എക്‌സിക്യൂട്ടീവ് കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരംകണ്ണൂര്‍ നിരക്ക് 2,400 രൂപയാണ്. എക്കണോമി കോച്ചില്‍ ഭക്ഷണമുള്‍പ്പെടെ തിരുവനന്തപുരംകണ്ണൂര്‍ നിരക്ക് 1,400 രൂപയാണ്.
78 സീറ്റ് വീതമുള്ള 12 എക്കണോമി കോച്ചുകളാണ് വന്ദേഭാരതിനുള്ളത്. 54 സീറ്റ് വീതമുള്ള 2 എക്‌സിക്യൂട്ടീവ് കോച്ചുകളുമുണ്ട്. 44 സീറ്റ് വീതമുള്ള ഓരോ കോച്ചുകള്‍ മുന്നിലും പിന്നിലുമുണ്ടാകും.