കാനഡ വിസ വരാന്‍ വൈകിയതില്‍ മനം നൊന്ത് യുവാവ് ആത്മഹത്യ ചെയ്തു; പിറ്റേന്ന് വിസയെത്തി; നോവായി വികേഷ്
കാനഡ വിസയെത്താന്‍ താമസിച്ചതില്‍ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. ഹരിയാനയിലെ കുരുക്ഷേത്രയിലാണ് സംഭവം. കൊവിഡ് വ്യാപനം ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ പറഞ്ഞ് ഏജന്‍സി വിസ താമസിപ്പിച്ചതില്‍ മനംനൊന്തായിരുന്നു വികേഷ് സൈനിയെന്ന 23 വയസുകാരന്റെ ആത്മഹത്യ. എന്നാല്‍ വികേഷ് ആത്മഹത്യ ചെയ്ത് പിറ്റേന്ന് വീട്ടില്‍ വിസയെത്തി.
കാനഡ വിസ വരാത്തതില്‍ കടുത്ത വിഷാദത്തിലായിരുന്ന യുവാവിനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു. ബുധനാഴ്ചയാണ് വികേഷ് വീട്ടില്‍ നിന്നും ഇറങ്ങുന്നത്. വെള്ളിയാഴ്ച ഗോര്‍ഖ ഗ്രാമത്തിലെ കനാലില്‍ നിന്നാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. യുവാവ് കനാലിലേക്ക് എടുത്ത് ചാടിയതാകാമെന്നാണ് പൊലീസിന്റെ നിഗമനം.
തനിക്കൊപ്പം വിസയ്ക്കായി അപേക്ഷിച്ച സുഹൃത്തിന് വിസ വരികയും കൂടി ചെയ്തതോടെയാണ് വികേഷ് കടുത്ത ആശങ്കയിലായത്. ബിരുദ പഠനത്തിനായാണ് യുവാവ് കാനഡയില്‍ പോകാനിരുന്നത്. അവിടെത്തന്നെ ചെറിയ ജോലിയും കണ്ടെത്താനായിരുന്നു യുവാവിന്റെ പദ്ധതി.
യുവാവിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ തെരച്ചിലിലാണ് കനാലിന് സമീപത്തുനിന്നും വികേഷിന്റെ ചെരുപ്പും ബൈക്കും കനാലിന്റെ സമീപത്തുനിന്നും കണ്ടെത്തിയത്. തുടര്‍ന്ന് മുങ്ങല്‍വിദഗ്ധര്‍ കനാലിലാകെ തെരച്ചില്‍ നടത്തുകയും മൃതദേഹം കണ്ടെത്തുകയുമായിരുന്നു.