Thursday, January 9, 2025
National

കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിച്ചു; പൊലീസിനെ ഭയന്ന് കാമുകന്‍ മരിച്ചു; പിന്നീട് സംഭവിച്ചത് സിനിമാക്കഥയെ വെല്ലുന്ന കാര്യങ്ങള്‍

കാമുകിയുടെ ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കിയ യുവാവ് പൊലീസിനെ ഭയന്ന് ആത്മഹത്യ ചെയ്തു. ബാംഗ്ലൂരിലെ ദൊഡ്ഡബിഡര്‍കല്ലുവിലാണ് സംഭവം നടന്നത്. ഹിമവന്ത് കുമാറെന്ന യുവാവാണ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ ആത്മഹത്യയെത്തുടര്‍ന്ന് നടന്നത് സിനിമാക്കഥയെ വെല്ലുന്ന സംഭവങ്ങളാണ്.

ദൊഡ്ഡബിഡറക്കല്‍ സ്വദേശിയായ അനുപല്ലവിയുമായി ഹിമവന്ത് ദീര്‍ഘകാലമായി പ്രണയത്തിലായിരുന്നു. ഒരുമിച്ച് ജീവിക്കുന്നതിനായി ഇരുവരും അനുപല്ലവിയുടെ ഭര്‍ത്താവ് നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ പദ്ധതിയിട്ടു. നവീന്‍ കുമാറിനെ കൊലപ്പെടുത്താന്‍ ഇരുവരും ഒരു ക്വട്ടേഷന്‍ സംഘത്തെ ചുമതലപ്പെടുത്തി. ഒന്നര ലക്ഷം രൂപ നല്‍കണമെന്നായിരുന്നു കരാര്‍. 90,000 രൂപ ഇവര്‍ കൃത്യത്തിന് മുന്‍പ് അഡ്വാന്‍സായും നല്‍കി.

ടാക്‌സി ഡ്രൈവറായ നവീന്‍ കുമാറിന്റെ ഓട്ടം വിളിച്ച മൂന്നംഗ ക്വട്ടേഷന്‍ സംഘം ഇയാളെ തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ ഒരിടത്ത് പാര്‍പ്പിച്ചു. മണിക്കൂറുകള്‍ കടന്നുപോയെങ്കിലും ക്വട്ടേഷന്‍ അംഗങ്ങള്‍ക്ക് നവീന്‍ കുമാറിനെ കൊല്ലാനുള്ള ധൈര്യം വന്നില്ല. നവീനോട് സഹതാപം തോന്നിയ കൊലയാളി സംഘം ഇയാളുമായി സൗഹൃദത്തിലാകുകയും നവീന്റെ ദേഹത്ത് തക്കാളി സോസ് ഒഴിച്ച് ഫോട്ടോയെടുത്ത് അനുപല്ലവിക്ക് അയച്ചുകൊടുക്കുകയും ചെയ്തു.

ഫോട്ടോ കണ്ട ഹിമവന്തും അനുപല്ലവിയും ആകെ ഭയന്നു. പൊലീസ് ഉടന്‍ തങ്ങളെ തേടിയെത്തുമെന്ന് ഉറപ്പിച്ച ഇരുവരും കടുത്ത ആശങ്കയിലായി. അറസ്റ്റ് ഭയന്ന് ഹിമവന്ത് സ്വന്തം വീട്ടില്‍ വച്ച് ആത്മഹത്യ ചെയ്യുകയായിരുന്നു. ഹിമവന്ത് മരിച്ച് ഒരാഴ്ചയ്ക്കുശേഷം നവീന്‍ തിരിച്ചെത്തി സംഭവിച്ചതെല്ലാം പൊലീസിനോട് പറഞ്ഞു. എന്നാല്‍ അനുപല്ലവിക്കെതിരെ കേസെടുക്കരുതെന്ന് നവീന്‍ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. ക്വട്ടേഷന്‍ ഏറ്റെടുത്ത മൂന്നുപേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *