Saturday, January 4, 2025
National

പഠിക്കാത്തതിന് വഴക്ക് പറഞ്ഞു: അമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി മകള്‍

 

മുംബൈ: പഠനത്തെ ചൊല്ലി വഴക്ക് പറഞ്ഞ അമ്മയെ കരാട്ടെ ബെൽറ്റ് ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി 15 -കാരിയായ മകൾ. ജൂലൈ 30-ന് നവി മുംബൈയിലെ ഐറോളിയിലാണ് സംഭവം നടന്നത്. മകളെ ഡോക്ടറാക്കണം എന്നായിരുന്നു അമ്മയുടെ ആഗ്രഹം. പക്ഷേ മകള്‍ക്ക് ഡോക്ടറാവാന്‍ താത്പര്യമില്ലായിരുന്നു. ഇതിനെ ചൊല്ലി അമ്മയും മകളും തമ്മില്‍ പതിവായി വഴക്കുണ്ടാവാറുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയെ മാതാപിതാക്കള്‍ നീറ്റ് പരീക്ഷാ പരിശീലന കേന്ദ്രത്തില്‍ ചേര്‍ത്തു. പെണ്‍കുട്ടി പതിവായി മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് മാതാപിതാക്കള്‍ എതിര്‍ത്തു. ജൂലൈ 27ന് ഇതിന്റെ പേരില്‍ അച്ഛന്‍ മകളെ വഴക്കുപറഞ്ഞു. ഇതോടെ പെണ്‍കുട്ടി വീട് വിട്ടിറങ്ങുകയും അമ്മയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകുകയും ചെയ്തു. തുടർന്ന് മാതാപിതാക്കളെ വിളിച്ചുവരുത്തി ഉപദേശിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.

എന്നാൽ, ജൂലൈ 30-ന് അമ്മ മുറി തുറക്കുന്നില്ലെന്ന് പറഞ്ഞ് പെണ്‍കുട്ടി ബന്ധുക്കളെ വിളിച്ചിരുന്നു. ഒപ്പം ‘ഞാന്‍ എല്ലാം അവസാനിപ്പിക്കുകയാണ്’ എന്ന വാട്‌സ്ആപ്പ് സ്ത്രീയുടെ ഫോണില്‍നിന്ന് ഭര്‍ത്താവിനും സഹോദരനും ലഭിച്ചിരുന്നു. സംഭവം ആത്മഹത്യയാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ തലയ്ക്ക് മുറിവേറ്റതായി കണ്ടെത്തിയതും പെണ്‍കുട്ടിയുടെ പെരുമാറ്റവും സംശയത്തിന് കാരണമായി. തുടർന്ന് ഫോറന്‍സിക് പരിശോധനയില്‍ സ്ത്രീയെ കഴുത്തുഞെരിച്ച് കൊന്നതാണെന്ന് തെളിഞ്ഞു. ഇതോടെ താന്‍ അമ്മയെ കൊന്നതാണെന്ന് പെണ്‍കുട്ടി സമ്മതിക്കുകയായിരുന്നു.

വഴക്കിനിടെ അമ്മ കത്തിയെടുത്ത് ഭീഷണിപ്പെടുത്തിയെന്നും ഇതോടെ താന്‍ അമ്മയെ തള്ളിയിട്ടെന്നും പെണ്‍കുട്ടി മൊഴി നല്‍കി. തലയിടിച്ച് വീണ അമ്മ കരാട്ടെ ബെല്‍റ്റ് എടുക്കാന്‍ ശ്രമിച്ചു. ഇതോടെ താന്‍ ബെല്‍റ്റ് കൊണ്ട് അമ്മയുടെ കഴുത്ത് മുറുക്കുകയായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. അമ്മ മരിച്ചെന്ന് ഉറപ്പിച്ചതോടെ താൻ തന്നെയാണ് വാട്‌സ്ആപ്പ് സന്ദേശം അയച്ചതെന്നും പെൺകുട്ടി പറഞ്ഞു.
ഇന്നലെയാണ് പെൺകുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 302-ാം വകുപ്പ് പ്രകാരം കൊലപാതക കുറ്റമാണ് 15 -കാരിയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *