മകനെതിരെ കൊലക്കുറ്റത്തിന് കേസ്; അമിത് ഷായെ കണ്ട് ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര. ഉത്തർപ്രദേശിലെ ലഖിംപുർ ഖേരിയിൽ മന്ത്രി അജയ് മിശ്രയുടെ മകൻ കർഷകരുടെ മേൽ വാഹനം ഇടിച്ചു കയറ്റി കൊലപ്പെടുത്തിയെന്ന ആരോപണം ഉയരുകയും പ്രതിപക്ഷം മന്ത്രിയുടെ രാജി ആവശ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിലുമാണ് കൂടിക്കാഴ്ച.
ലഖിംപൂർ ഖേരിയിൽ ഞായറാഴ്ച ഒരു പരിപാടിക്കായി അജയ് മിശ്ര വരാനിരിക്കെ മന്ത്രിയുടെ സന്ദർശനത്തിനെതിരെ കർഷകർ നടത്തിയ പ്രതിഷേധത്തിനിടെയുണ്ടായ അക്രമത്തിൽ നാല് കർഷകർ ഉൾപ്പെടെ എട്ട് പേർ കൊല്ലപ്പെട്ടു.
മന്ത്രിയുടെ വാഹനവ്യൂഹത്തിലുണ്ടായിരുന്ന ഒരു കാർ പ്രതിഷേധക്കാർക്ക് മുകളിലൂടെ പാഞ്ഞുവെന്നാണ് ആരോപണം. വാഹനം മന്ത്രിയുടെ മകൻ ആശിഷ് മിശ്രയാണ് ഓടിച്ചതെന്നും കർഷകർ ആരോപിച്ചു.
- സംഭവസ്ഥലത്ത് പോലും ഉണ്ടായിരുന്നില്ല എന്നാണ് മന്ത്രിയും ആശിഷ് മിശ്രയും അവകാശപ്പെടുന്നത്. ആശിഷ് മിശ്രയ്‌ക്കെതിരെ യു.പി പൊലീസ് കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.