സൗദി-ഖത്തർ അതിർത്തിയിൽ വാഹനാപകടം; മൂന്ന് മരണം
റിയാദ്: സൗദി അേറബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ ഖത്തർ അതിർത്തിക്ക് സമീപം സൽവയിൽ വാഹനാപകടത്തിൽ മൂന്ന് മരണം. നാലുപേർക്ക് പരിക്ക്. ദോഹയിൽനിന്നെത്തിയ ഖത്തർ സ്വദേശികളുടെ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. മൂന്നു പേർ സംഭവസ്ഥലത്ത് മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.
ഖത്തരി കുടുംബത്തിലെ രണ്ടു ബാലികമാരും എത്യോപ്യക്കാരിയായ ജോലിക്കാരിയുമാണ് മരിച്ചത്. ഖത്തരി കുടുംബത്തിലെ പരിക്കേറ്റ നാലു പേരെ സൽവ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇക്കൂട്ടത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരാളെ വിദഗ്ധ ചികിത്സക്കായി ഹുഫൂഫ് കിങ് ഫഹദ് ആശുപത്രിയിലേക്ക് മാറ്റി. മൂന്നു പേരെ തുടർ ചികിത്സകൾക്ക് ഖത്തർ അധികൃതരുമായി സഹകരിച്ച് ഖത്തറിലേക്കും മാറ്റിയതായി അശ്ശർഖിയ ഹെൽത്ത് ക്ലസ്റ്റർ അറിയിച്ചു.