Thursday, April 10, 2025
National

ട്വിറ്ററിൽ ബ്ലൂ ടിക്ക് നഷ്ടപ്പെട്ടു; വൈറലായി സച്ചിൻ തെൻഡുൽക്കറിന്റെ പ്രതികരണം

പരമ്പരാഗത ബ്ലൂ വെരിഫിക്കേഷൻ ടിക്ക് മാർക്കുകൾ ഒഴിവാക്കാനുള്ള ട്വിറ്ററിന്റെ ശ്രമം തിരിച്ചടിയായത് സാമൂഹിക മാധ്യമങ്ങളിലെ സെലിബ്രിറ്റികൾക്ക്. വ്യാജ അക്കൗണ്ടുകളിൽ ചെറുക്കുന്നതിനാണ് ട്വിറ്റർ ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങൾ ബ്ലൂ ടിക്ക് നൽകിയിരുന്നത്. എന്നാൽ എലോൺ മസ്ക് ട്വിറ്റർ ഏറ്റെടുത്തതിനെ തുടർന്ന് പരമ്പരാഗത ബ്ലൂ ടിക്കറ്റുകൾ ഒഴിവാക്കുകയും ട്വിറ്റർ ബ്ലൂ സബ്സ്ക്രൈബ് ചെയ്തവർക്ക് മാത്രം വെരിഫിക്കേഷൻ മാർക്ക് നൽകുകയും ചെയ്തു. ഈ നീക്കത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെയും ബ്ലൂ ടിക്ക് നഷ്ടപ്പെട്ടിരുന്നു. വിഷയത്തിൽ സച്ചിന്റെ പ്രതികരണം സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.

#AskSachin എന്ന ഹാഷ്ടാഗിൽ ഇന്നലെ സച്ചിൻ ട്വിറ്ററിൽ നടത്തിയ ഓൺലൈൻ ചോദ്യോത്തര സെഷനിൽ ഒരാൾ ബ്ലൂ ടിക്ക് ഇല്ലാത്ത ഈ അക്കൗണ്ട് യാഥാർത്ഥമായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്ന് ചോദിച്ചു. അതിന് മറുപടിയായി, കൈ ഉപയോഗിച്ച് ടിക് മാർക്ക് കാണിക്കുന്ന തന്റെ ഒരു ചിത്രം പങ്കു വെച്ചുകൊണ്ട് സച്ചിൻ മറുപടി നൽകി. അതിന് തലക്കെട്ടായ്, ‘ഇപ്പോൾ, ഇതാണ് എന്റെ ബ്ലൂ ടിക്ക് വെരിഫിക്കേഷൻ’ എന്ന വാക്കുകളും അദ്ദേഹം കുറിച്ചിരുന്നു. ചിത്രം നിലവിൽ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.

ലെഗസി ബ്ലൂ ടിക്ക് മാഞ്ഞതോടെ രാഹുൽ ഗാന്ധി, പ്രിയങ്കാ ഗാന്ധി, തുടങ്ങിയവരുടെ അക്കൗണ്ടുകളുടെ വെരിഫിക്കേഷനും നീങ്ങി. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അക്കൗണ്ട് വെരിഫൈഡാണ്. ബ്ലൂ ടിക്കിന് പകരം വെരിഫൈഡ് സ്റ്റാറ്റസ് സൂചിപ്പിക്കുന്നതിനായി ചാരനിറത്തിലുള്ള അടയാളമാണ് നൽകിയിരിക്കുന്നത്. കായിക താരങ്ങളായ വിരാട് കൊഹ്ലി, രോഹിത് ശർമ മുതലായവരുടെ ട്വിറ്റർ അക്കൗണ്ടുകളും ഇപ്പോൾ വെരിഫൈഡല്ല.

Leave a Reply

Your email address will not be published. Required fields are marked *