‘ബിഹാർ മുഖ്യമന്ത്രി സ്ഥാനത്തോട് താൽപ്പര്യമില്ല’: തേജസ്വി യാദവ്
സംസ്ഥാന മുഖ്യമന്ത്രിയാകാൻ താൽപ്പര്യമില്ലെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്. യാദവിനെ മുഖ്യമന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട്, രാഷ്ട്രീയ ജനതാദളിൽ (ആർജെഡി) മുറവിളി ഉയരുന്ന പശ്ചാത്തലത്തിലായിരുന്നു പ്രതികരണം.
തനിക്ക് മുഖ്യമന്ത്രിയാകാനോ നിതീഷ് കുമാറിന് പ്രധാനമന്ത്രിയാകാനോ ആഗ്രഹമില്ല. തങ്ങൾ ഏത് സ്ഥാനത്താണെങ്കിലും സന്തുഷ്ടരാണ്. നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്നും റോഡ് നിർമാണ വകുപ്പിന്റെ ബജറ്റ് വിഹിതത്തെക്കുറിച്ചുള്ള ചർച്ചയിൽ യാദവ് പറഞ്ഞു.
ആർജെഡി നേതാക്കൾ സംസ്ഥാനത്ത് അധികാര കൈമാറ്റം ആവശ്യപ്പെട്ട് തുടങ്ങിയത് മുതൽ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ കടുത്ത സമ്മർദത്തിലായി. തേജസ്വിയുടെ ഈ പ്രഖ്യാപനം അദ്ദേഹത്തിന് വലിയ ആശ്വാസമാണ്. അതേസമയം ബിഹാർ മുഖ്യമന്ത്രി നടത്തിയ ഗൂഢാലോചനയിൽ യാദവ് കുടുങ്ങിയിരിക്കുകയാണെന്ന് ബിജെപി ആരോപിച്ചു.
‘രാഷ്ട്രീയ നീക്കങ്ങൾ നടത്താനും, പാർട്ടി മാറാനും നിതീഷ് വിദഗ്ധനാണ്. ഇതുമൂലമാണ് തനിക്ക് മുഖ്യമന്ത്രിയാകാൻ ആഗ്രഹമില്ലെന്നും, നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നതെന്നും പ്രഖ്യാപിക്കാൻ തേജസ്വി നിർബന്ധിതനായത്’-ബിജെപി വക്താവ് അരവിന്ദ് കുമാർ സിംഗ് പറഞ്ഞു.