ജോലിക്ക് പകരം ഭൂമി അഴിമതിക്കേസ്: ബിഹാർ ഉപമുഖ്യമന്ത്രിയെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു
ജോലിക്ക് പകരം ഭൂമി അഴിമതിക്കേസിൽ ബിഹാർ ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവിനെ സിബിഐ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു. മുൻ റെയിൽവേ മന്ത്രി ലാലു പ്രസാദ് യാദവിന്റെ ഇളയ മകൻ യാദവിനെ ഫെബ്രുവരി നാലിന് സിബിഐ വിളിച്ചുവരുത്തിയിരുന്നെങ്കിലും അദ്ദേഹം അന്വേഷണ ഏജൻസിക്ക് മുന്നിൽ ഹാജരായിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇപ്പോൾ അദ്ദേഹത്തിന് വീണ്ടും സമൻസ് അയച്ചിരിക്കുന്നത്.
കേസുമായി ബന്ധപ്പെട്ട് മാർച്ച് 10ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തേജസ്വി യാദവിന്റെ ഡൽഹി വസതിയിൽ റെയ്ഡ് നടത്തിയിരുന്നു. ദേശീയ തലസ്ഥാനത്തെ ന്യൂ ഫ്രണ്ട്‌സ് കോളനിയിലുള്ള ആർജെഡി നേതാവിന്റെ വസതിയിൽ രാവിലെ 8:30 നാണ് ഇഡി ടീം റെയ്ഡ് ആരംഭിച്ചത്. ആർജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ ഡൽഹിയിലും ബിഹാറിലുമുള്ള വസതികളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു. ലാലുവിന്റെ മൂന്ന് പെൺമക്കളുടെ സ്ഥലങ്ങളും ഇതിൽ ഉൾപ്പെടുന്നു.
ചൊവ്വാഴ്ച ലാലു യാദവിനെയും ഭാര്യയെയും യഥാക്രമം ഡൽഹിയിലും പട്‌നയിലും സിബിഐ സംഘം ചോദ്യം ചെയ്തിരുന്നു. അഞ്ച് മണിക്കൂറോളം സിബിഐ സംഘം ലാലു യാദവിനെ ചോദ്യം ചെയ്തുവെന്നാണ് വിവരം. അന്വേഷണ ഏജൻസികൾ ബി.ജെ.പിയുടെ രാഷ്ട്രീയ എതിരാളികളെവേട്ടയാടുമെന്നത് പരസ്യമായ രഹസ്യമാണ്. ഭാരതീയ ജനതാ പാർട്ടിയോടുള്ള തന്റെ കുടുംബത്തിന്റെ നിരന്തരമായ എതിർപ്പിന്റെ ഫലമായാണ് സിബിഐ നടപടിയെന്നും തേജസ്വി യാദവ് പ്രതികരിച്ചു.
എന്താണ് ജോലിക്ക് പകരം ഭൂമി അഴിമതിക്കേസ്?
2004 മുതൽ 2009 വരെ യുപിഎ സർക്കാരിൽ ലാലു പ്രസാദ് യാദവ് റെയിൽവേ മന്ത്രിയായിരുന്നു. ലാലു റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേ റിക്രൂട്ട്‌മെന്റിൽ അഴിമതി നടന്നുവെന്നാണ് ആരോപണം. ജോലി ലഭിക്കുന്നതിന് പകരം ഭൂമിയും പ്ലോട്ടും അപേക്ഷകരിൽ നിന്ന് കൈക്കലാക്കിയെന്ന് പറയപ്പെടുന്നു. ഈ കേസിൽ അന്വേഷണത്തിന് ശേഷം ലാലു പ്രസാദ് യാദവിനും ഭാര്യയും മുൻ ബിഹാർ മുഖ്യമന്ത്രിയുമായ റാബ്‌റി ദേവിക്കും മകൾ മിസ ഭാരതിക്കും എതിരെ സിബിഐ കേസെടുത്തു. കൈക്കലാക്കിയ ഭൂമി റാബ്‌റി ദേവിയുടെയും മിസാ ഭാരതിയുടെയും പേരിലാണെന്നാണ് ആരോപണം.