ഗെലോട്ടുമായി ഇടഞ്ഞ് രാഹുല്‍, ആ പരാമര്‍ശം അതിരുകടന്നു, സച്ചിന് അവസരവുമായി കോണ്‍ഗ്രസ്!!
ദില്ലി: കോണ്‍ഗ്രസ് നേതൃത്വത്തില്‍ രാജസ്ഥാന്‍ പോര് കടുത്ത വിള്ളലുണ്ടാക്കുന്നു. പാര്‍ട്ടി നേതൃത്വം കഴിഞ്ഞ ദിവസം അശോക് ഗെലോട്ട് നടത്തിയ വ്യക്തിപരമായ ആക്രമണത്തില്‍ ഇടഞ്ഞിരിക്കുകയാണ്. ഗെലോട്ട് അധികാര കേന്ദ്രീകരണത്തിനായി ശ്രമിക്കുകയാണെന്ന ജൂനിയര്‍ നേതാക്കളുടെ വാദത്തിന് ബലം പകരുന്നതാണ് കഴിഞ്ഞ ദിവസം സംഭവിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളും സമവായത്തിനായി ഗെലോട്ട് ശ്രമിക്കുന്നില്ലെന്ന് പരാതി ഉന്നയിച്ചിരിക്കുകയാണ്. സച്ചിന്റെ തിരിച്ചുവരവിന് കുറച്ച് കൂടി താല്‍പര്യം ഇതോടെ കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുകയാണ്.
സച്ചിന്‍ പൈലറ്റ് ഒരു കഴിവും ഇല്ലാത്ത നേതാവാണെന്ന് ഗെലോട്ട് ആരോപിച്ചിരുന്നു. ബിജെപിയുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി സച്ചിന്‍ കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് കുത്തിയെന്നും ഗെലോട്ട് പറഞ്ഞു. സച്ചിന് യാതൊരു ഗുണങ്ങളും ഇല്ലാതിരുന്നിട്ടും, അദ്ദേഹത്തെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് ഞങ്ങള്‍ മാറ്റിയിട്ടില്ല. അധ്യക്ഷനെ മാറ്റണമെന്ന് കഴിഞ്ഞ 7 വര്‍ഷമായിട്ടും ഞങ്ങള്‍ ആരും ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹം കൊള്ളില്ലെന്ന് അറിഞ്ഞിട്ടും അങ്ങനെ തുടര്‍ന്നെന്ന് ഗെലോട്ട് പറഞ്ഞു.
പാര്‍ട്ടിയില്‍ സമവായ ശ്രമം നടക്കുമ്പോള്‍ ഗെലോട്ട് ഇത്തരമൊരു പരാമര്‍ശം നടത്തിയതില്‍ രാഹുല്‍ ഗാന്ധി കടുത്ത ദേഷ്യത്തിലാണ്. ഗെലോട്ടുമായി ഇടഞ്ഞിരിക്കുകയാണ് അദ്ദേഹം. നേതാവിനെ മടക്കി കൊണ്ടുവരുന്നതിന് പകരം ആട്ടിയോടിക്കുകയാണ് ഗെലോട്ടിന്റെ ലക്ഷ്യമെന്ന് പാര്‍ട്ടിയില്‍ കുറ്റപ്പെടുത്തിയിരിക്കുകയാണ് രാഹുല്‍. മകന്‍ വൈഭവ് ഗെലോട്ടിനെ അടുത്ത തലമുറാ നേതാവിനെ ഉയര്‍ത്തി കൊണ്ടുവരുന്നതിനാണ് ഈ നീക്കമെന്ന് പാര്‍ട്ടിക്കുള്ളിലുള്ള സംസാരത്തെയും രാഹുല്‍ അംഗീകരിക്കുകയാണ്.