കർണാടക തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും
കർണാടക തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രികാ സമർപ്പണം ഇന്ന് അവസാനിക്കും. കോൺഗ്രസിന്റെയും ജെഡിഎസിന്റെയും സ്ഥാനാർത്ഥി പട്ടിക ഇനിയും പൂർത്തിയായിട്ടില്ല.
രണ്ട് മണ്ഡലങ്ങളിലേയ്ക്ക് കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചതോടെ ബിജെപി എല്ലാ മണ്ഡലങ്ങളിലേയ്ക്കുമുള്ള സ്ഥാനാർത്ഥി നിർണയം പൂർത്തിയാക്കി. മുതിർന്ന നേതാവ് കെ എസ് ഈശ്വരപ്പ ഇടഞ്ഞതോടെ, ബിജെപി പ്രതിസന്ധിയിലായ ശിവമോഗയിൽ കെ എസ് ഈശ്വരപ്പയുടെ മകന് സീറ്റ് നൽകിയില്ല. പകരം ലിംഗായത്ത് നേതാവായ എസ് എൻ ചന്നബാസപ്പ മത്സരിയ്ക്കും. ഈശ്വരപ്പയെ താരപ്രചാരകനാക്കിയുള്ള പട്ടിക നേരത്തെ ബിജെപി പുറത്തിറക്കിയിരുന്നു. എന്നാൽ അതിൽ ഈശ്വരപ്പയുടെ പ്രതിഷേധം അവസാനിക്കമോ എന്ന കാര്യത്തിൽ ഉറപ്പില്ല.
അതിനിടെ, കോൺഗ്രസ് ഷിഗാവിലെ സ്ഥാനാർത്ഥിയെ മാറ്റിയാണ് നാലാംഘട്ട പട്ടിക പുറത്തിറക്കിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയ്ക്കെതിരെ ഷിഗാവിലാണ് സ്ഥാനാർത്ഥി മാറ്റം. നേരത്തെ പ്രഖ്യാപിച്ച മുഹമ്മദ് യൂസഫ് സാവനൂരിനു പകരം യാസിർ അഹമ്മദ് ഖാൻ പത്താനാണ് പുതിയ സ്ഥാനാർത്ഥി. ഇതിന്റെ കാരണം നേതൃത്വം വ്യക്തമാക്കിയിട്ടും ഇല്ല. ബാക്കി അഞ്ച് മണ്ഡലങ്ങളിലേയ്ക്കുള്ള സ്ഥാനാർത്ഥി പ്രഖ്യാപനം ഇനിയും നടക്കേണ്ടതുണ്ട്.