രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം; സൂറത്ത് സെഷൻസ് കോടതി വിധി ഇന്ന്
രാഹുൽ ഗാന്ധിക്ക് ഇന്ന് നിർണായകം. ക്രിമിനൽ മാനനഷ്ടകേസിൽ സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് രാഹുൽ ഗാന്ധി സമർപ്പിച്ച അപ്പീലിൽ സൂറത്ത് സെഷൻസ് കോടതി ഇന്ന് വിധി പ്രസ്താവിക്കും. ഇരുഭാഗത്ത് നിന്നുമുള്ള വാദങ്ങൾ കേട്ട ശേഷമാണ് അപ്പീലിൻമേലുള്ള വിധി ഏപ്രിൽ 20 ന് പ്രസ്താവിക്കുമെന്ന് അഡീഷണൽ സെഷൻസ് ജഡ്ജി ആർ.പി. മൊഗേര അറിയിച്ചത്.
മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ട് വർഷം തടവ് ശിക്ഷ നടപ്പാക്കുന്നത് സെഷൻസ് കോടതി സ്റ്റേ ചെയ്തിരുന്നു. എന്നാൽ കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ ലഭിച്ചാലെ നഷ്ടമായ എംപി സ്ഥാനം രാഹുലിന് തിരികെ ലഭിക്കൂ.2019 ലോകസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കർണാടകയിലെ കോലാറിൽ നടത്തിയ പരാമർശത്തിൽ ഇക്കഴിഞ്ഞ മാർച്ച് 23 ന് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് രണ്ട് വർഷം തടവുശിക്ഷ വിധിച്ചത്.എല്ലാ കള്ളന്മാരുടെയും പേരിൽ എങ്ങനെയാണ് ‘മോദി’ എന്ന് വരുന്നത് എന്ന രാഹുലിന്റെ പരാമർശമാണ് കേസിന് കാരണമായത്.ബിജെപി എംഎൽഎ പൂർണേഷ് മോദിയാണ് രഹിലിനെതിരെ ക്രിമിനൽ അപകീർത്തി കേസ് ഫയൽ ചെയ്തത്.