കർണാടക തെരഞ്ഞെടപ്പ്; അവസാന ഘട്ട സ്ഥാനാർത്ഥി പട്ടികകളിൽ സസ്പെൻസ് തുടരുന്നു
കർണാടക തെരഞ്ഞെടുപ്പിലെ അവസാന ഘട്ട സ്ഥാനാർത്ഥി പട്ടികകളിൽ സസ്പെൻസ് തുടരുന്നു. പത്രികാ സമർപ്പണത്തിന് അഞ്ച് ദിവസം മാത്രം ശേഷിക്കുമ്പോഴും ബിജെപിയും കോൺഗ്രസും ജെഡി എസും അവസാന പട്ടിക പുറത്ത് വിട്ടിട്ടില്ല. ബി ജെ പി യിലെ തർക്കങ്ങളും രാജികളുമാണ് അവസാന 12 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി നിർണയത്തെ പ്രതിസന്ധിയിലാക്കുന്നത്. ഇടഞ്ഞു നിൽക്കുന്ന മുതിർന്ന നേതാക്കളായ കെ എസ് ഈശ്വരപ്പ, ജഗദീഷ് ഷെട്ടാർ എന്നിവരെ പരിഗണിച്ചു കൊണ്ടായിരിക്കും ബിജെപിയുടെ അവസാന പട്ടിക പുറത്തിറങ്ങുക. അല്ലാത്ത പക്ഷം രാജിയും പ്രതിഷേധവും വ്യാപകമായി തുടരും.
കോൺഗ്രസ് അവസാന 58 സീറ്റുകൾ ഒഴിച്ചിട്ടത് ബി ജെ പി യിലെ അസ്വാരസ്യങ്ങൾ അനുകൂലമാക്കുകയെന്ന ലക്ഷ്യത്തോടെ തന്നെയാണ്. ബിജെപി വിട്ടെത്തിയ ലക്ഷ്മൺ സവദി അത്താനി മണ്ഡലത്തിൽ കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. ബിജെപിയിൽ നിന്നും കോൺഗ്രസിൽ നിന്നും എത്തിയ നേതാക്കള ഉൾപ്പെടുത്തിയാണ് ജെഡിഎസ് രണ്ടാം ഘട്ടത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിച്ചത്.
പാർട്ടിയിലേക്ക് ഇനിയും ആളുകൾ എത്തുമെന്ന പ്രതീക്ഷയാണ് ജെഡിഎസിന്റെ അവസാന ഘട്ട സ്ഥാനാർത്ഥി നിർണയം വൈകുന്നതിന്റെ കാരണം. 49 മണ്ഡലങ്ങളിലേക്കാണ് രണ്ടാം ഘട്ടത്തിൽ ജെ ഡി എസ് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചത്. അഞ്ചു സീറ്റുകളിൽ മത്സരിക്കുന്ന സി പി എമ്മിന്റെ പ്രചാരണത്തിനായി ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ന് ബാഗൽപേട്ടിലെത്തും.