കർണാടക തെരഞ്ഞെടുപ്പ് : ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമായേക്കും
കർണാടക തെരഞ്ഞെടുപ്പിലെ ബിജെപിയുടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമായേക്കും. സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനുള്ള പാർലമെൻററി ബോർഡ് യോഗം ഇന്ന് നടക്കും. ഇന്നലെ ബിഎസ്സ് യെദ്യൂരപ്പ, ബസവരാജ് ബൊമ്മേ, നളിനി കുമാർ കട്ടീൽ എന്നിവർ ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഇന്ന് വൈകിട്ടോടെ സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമരൂപം ആകുമെന്നാണ് സൂചന. ദക്ഷിണേന്ത്യൻ പര്യടനത്തിലുള പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിൽ തിരിച്ചെത്തിയാൽ പട്ടികക്ക് അംഗീകാരം നൽകും. 2019 ൽ ബിജെപിയിലേക്കെത്തിയ കോൺഗ്രസ്, ജെഡിഎസ് എംഎൽഎമാർക്ക് സീറ്റുകൾ നൽകുന്നതിനെതിരെ തർക്കം ഉണ്ടായിരുന്നു. ഇത് പരിഹരിക്കാനുള്ള ശ്രമങ്ങൾ കേന്ദ്ര നേതൃത്വം നടത്തുന്നുണ്ട്. സ്ഥാനാർത്ഥി പട്ടികയായാൽ കൊഴിഞ്ഞ് പോക്കുണ്ടാകുമെന്ന ആശങ്ക നേതൃത്വത്തിനുണ്ട്.