ലണ്ടനിലേക്ക് രക്ഷപ്പെടാൻ ശ്രമം, അമൃതപാൽ സിംഗിന്റെ ഭാര്യയെ വിമാനത്താവളത്തിൽ തടഞ്ഞു
ഖാലിസ്ഥാൻ വിഘടനവാദി നേതാവ് അമൃത്പാൽ സിംഗിന്റെ ഭാര്യ കിരൺദീപ് കൗറിനെ അമൃത്സർ വിമാനത്താവളത്തിൽ പഞ്ചാബ് പൊലീസ് തടഞ്ഞു. ലണ്ടനിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് ഇവരെ പൊലീസ് തടഞ്ഞത്. കിരൺദീപിനെ കസ്റ്റംസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു വരികയാണെന്ന് വൃത്തങ്ങൾ ഇന്ത്യ ടുഡേയോട് പറഞ്ഞു.
മാർച്ച് 18 മുതൽ ഒലുവിലുള്ള അമൃത്പാൽ സിംഗിനായി പൊലീസ് വ്യാപക തെരച്ചിൽ നടത്തിവരികയാണ്. ഇതിനിടെയാണ് പൊലീസ് റഡാറിൽ ഉണ്ടായിരുന്ന കിരൺദീപ് കൗർ രാജ്യം വിടാൻ ശ്രമിച്ചത്. ലണ്ടനിലേക്കുള്ള വിമാനം ഉച്ചയ്ക്ക് 1:30 ന് പുറപ്പെടേണ്ടതായിരുന്നു. അമൃത്പാലിന്റെ അടുത്ത സഹായികൾക്കും ബന്ധുക്കൾക്കും രാജ്യം വിട്ടുപോകാൻ കഴിയില്ലെന്ന സർക്കുലർ ഉള്ളതിനാൽ, ലണ്ടനിലേക്ക് പോകാൻ കഴിയില്ലെന്ന് പറഞ്ഞാണ് കൗറിനെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞത്.
കിരൺദീപ് യുകെ പൗരയാണെന്നും യുകെ പാസ്‌പോർട്ട് കൈവശമുണ്ടെന്നും പഞ്ചാബ് പോലീസ് വൃത്തങ്ങൾ അറിയിച്ചു. അതേസമയം, കൗറിനെതിരെ പഞ്ചാബിലോ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലോ കേസുകളില്ല.