പ്രതികള്‍ നോക്കിനില്‍ക്കെ സിപിഒയെ മര്‍ദിച്ച് എസ്എച്ച്ഒ; ബെല്‍റ്റിന് കുത്തിപ്പിടിച്ച് അസഭ്യം പറഞ്ഞെന്ന് പരാതി
കോട്ടയം കാഞ്ഞിരപ്പള്ളിയില്‍ സിവില്‍ പൊലീസ് ഓഫിസറെ എസ്എച്ച്ഒ മര്‍ദിച്ചതായി പരാതി. എസ്എച്ച്ഒ ഷിന്റോ പി കുര്യനെതിരെ സിപിഒ കോട്ടയം എസ്പിയ്ക്ക് പരാതി നല്‍കി. സ്റ്റേഷനില്‍ പ്രതികളും മറ്റ് പൊലീസുകാരും നോക്കി നില്‍ക്കെയായിരുന്നു മര്‍ദനമെന്നാണ് പരാതി. യൂണിഫോമിലായിരുന്ന പൊലീസുകാരന്റെ ബെല്‍റ്റില്‍ കുത്തിപ്പിടിച്ചെന്നും പരാതിയിലുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഒരു കേസില്‍ ഉള്‍പ്പെട്ട പ്രതിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ തേടുന്നതിനിടെയാണ് ഷിന്റോ പി കുര്യന്‍ സിപിഒയെ മര്‍ദിക്കുന്ന സാഹചര്യമുണ്ടായത്. സിപിഒയുടെ ബെല്‍റ്റില്‍ ഷിന്റോ കുത്തിപ്പിടിയ്ക്കുകയും ശരീരമാകെ ഉലയ്ക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്‌തെന്നാണ് പരാതി.
സംഭവത്തിനുശേഷം സിപിഒ കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയ്ക്ക് പരാതി നല്‍കുകയും ഡിവൈഎസ്പി സ്റ്റേഷനിലെത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തു. സിപിഒയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് ഡിവൈഎസ്പിയ്ക്ക് ബോധ്യപ്പെട്ടെന്നാണ് വിവരം. പൊലീസ് ഉദ്യോഗസ്ഥനെതിരെ ഉടന്‍ നടപടിയെടുത്തേക്കുമെന്നാണ് സൂചന.