Sunday, January 5, 2025
National

മിശ്രവിവാഹങ്ങളെല്ലാം ‘ലവ് ജിഹാദ്’ അല്ല; ഗുജറാത്ത് സര്‍ക്കാരിന്‍റെ വിവാദ നിയമത്തിലെ ആറ് വകുപ്പുകള്‍ കോടതി റദ്ദാക്കി

 

ഗുജറാത്ത് സർക്കാറിന്‍റെ ‘ലവ് ജിഹാദ്’ നിയമത്തെ ചോദ്യംചെയ്ത് ഗുജറാത്ത് ഹൈക്കോടതി. മിശ്ര വിവാഹങ്ങളെയെല്ലാം ‘ലവ് ജിഹാദാ’യി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. നിയമവുമായി ബന്ധപ്പെട്ട ആറ് വകുപ്പുകൾ നിലനിൽക്കുന്നതല്ലെന്നും കോടതി വ്യക്തമാക്കി.

ഉത്തര്‍പ്രദേശില്‍ തുടങ്ങി ബിജെപി ഭരിക്കുന്ന പല സംസ്ഥാനങ്ങളിലും ‘ലവ് ജിഹാദ്’ തടയാനെന്ന പേരില്‍ നിയമം പാസ്സാക്കിയിട്ടുണ്ട്. ഗുജറാത്ത് സര്‍ക്കാര്‍ ഏപ്രില്‍ മാസത്തിലാണ് മതസ്വാതന്ത്ര്യ നിയമം ഭേദഗതി ചെയ്തത്. ഇതിനെതിരായ ഹരജിയാണ് ഗുജറാത്ത് ഹൈക്കോടതി പരിഗണിച്ചത്.

വ്യക്തികളുടെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും മതസ്വാതന്ത്ര്യവും നിഷേധിക്കുന്നതാണ് ഗുജറാത്ത് സര്‍ക്കാരിന്‍റെ നിയമ ഭേദഗതിയെന്ന് ഹരജിക്കാര്‍ വാദിച്ചു. ഹരജി പരിഗണിച്ച കോടതി നിയമത്തിലെ ആറ് വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. നിയമത്തെ തെറ്റായി വ്യാഖ്യാനിക്കുന്നതാണ് പ്രശ്നമെന്നും ഭീഷണിപ്പെടുത്തി മതപരിവര്‍ത്തനം നടത്തി വിവാഹം നടത്തുന്നവര്‍ മാത്രമേ ഭയക്കേണ്ടതുള്ളൂവെന്നും സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ കമല്‍ ത്രിവേദി വാദിച്ചു.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാൻ പറഞ്ഞത് ‘ലവ് ജിഹാദ്’ പോലെ എന്തെങ്കിലും ചെയ്യുന്നവരെ തകര്‍ത്തുകളയുമെന്നാണ്. അതിനുമുമ്പ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞത് ‘ഞങ്ങളുടെ സഹോദരിമാരുടെ അന്തസിനെ തൊട്ട് കളിക്കരുതെന്നാണ്’. അതേസമയം ‘ലവ് ജിഹാദ്’ എന്ന പദം നിയമത്തിൽ നിർവചിച്ചിട്ടില്ല എന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തെ വ്യക്തമാക്കിയത്.

 

Leave a Reply

Your email address will not be published. Required fields are marked *