Wednesday, January 8, 2025
Movies

രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചിത്രമേള നാളെ മുതൽ

തിരുവനന്തപുരം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന 13-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്രമേള ഡിസംബർ 9 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും.

ഡിസംബർ 9 വൈകിട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയൻ മേള ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ റോഷി അഗസ്റ്റിൻ, ആന്റണി രാജു, വി.എൻ. വാസവൻ തുടങ്ങിയവർ സന്നിഹിതരായിരിക്കും.

ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിലെ ഓഡി 1, 4, 5, 6 എന്നീ സ്‌ക്രീനുകളിലാണ് ഹ്രസ്വചിത്രമേള നടക്കുക. ലോങ്ങ് ഡോക്യുമെന്ററി, ഷോർട്ട് ഡോക്യുമെന്ററി, ഷോർട്ട് ഫിക്ഷൻ, മത്സരേതര മലയാളം വിഭാഗം, അന്താരാഷ്ട്ര ഫിക്ഷൻ, അന്താരാഷ്ട്ര നോൺ ഫിക്ഷൻ, അനിമേഷൻ, മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലായാണ് ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നത്. ഫിക്ഷൻ, നോൺ ഫിക്ഷൻ വിഭാഗങ്ങളിലായി ദേശീയ തലത്തിലുള്ള മത്സരവും ക്യാമ്പസ് വിഭാഗത്തിൽ സംസ്ഥാനതല മത്സരവും മേളയിലുണ്ട്. ക്യൂറേറ്റഡ്, ഹോമേജ് വിഭാഗങ്ങൾ അടക്കം 220 സിനിമകൾ മേളയിലുൾപ്പെടുത്തിയിട്ടുണ്ട്.

പൊതുവിഭാഗത്തിന് 400 രൂപയും വിദ്യാർത്ഥികൾക്ക് 200 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. www.idsffk.in  എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി പണമടയ്ക്കാം. ഏരീസ് പ്‌ളക്‌സ് എസ്.എൽ തിയേറ്ററിൽ പ്രവർത്തിക്കുന്ന ഡെലിഗേറ്റ് സെല്ലിൽ നിന്ന് ഓഫ്‌ലൈൻ ആയും രജിസ്റ്റർ ചെയ്യാവുന്നതാണെന്ന് കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *