ഉപഭോക്തൃ ഫീസ് ഈടാക്കാൻ റയിൽവേ: ടിക്കറ്റ് നിരക്ക് വർധിച്ചേക്കും
വിമാനയാത്രക്കാർക്കു സമാനമായി ട്രെയിൻ യാത്രക്കാരില്‍ നിന്നും ഉപഭോക്തൃ ഫീസ് ഈടാക്കാൻ റയിൽവേയുടെ തീരുമാനം. ഇത് ടിക്കറ്റ് നിരക്കിൽ നേരിയ വർധനവുണ്ടാക്കുമെന്നാണ് റിപ്പോർട്ട്. തിരക്കുള്ള റയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള യാത്രക്കാരിൽ നിന്നാണ് ഉപഭോക്തൃ ഫീസ് ഈടാക്കാൻ തീരുമാനിച്ചിട്ടുള്ളത്. ഈ തുക റയിൽവേ സ്റ്റേഷനുകളുടെ പുനരുദ്ധാരണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായാണ് ഉപയോഗിക്കുക. ഇതുസംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തിറക്കുമെന്ന് റയിൽവേ ബോർഡ് ചെയർമാന്‍ വി കെ യാദവ് അറിയിച്ചു. സ്റ്റേഷനുകളുടെ പുനർവികസനം പൂർത്തിയാക്കുന്ന മുറയ്ക്ക് ഫീസ് ഇനത്തിൽ ലഭ്യമാകുന്ന തുക രാജ്യത്തൊട്ടാകെയുള്ള ട്രെയിൻ യാത്രക്കാർക്ക് മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായി വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.