ഇരട്ട വോട്ട്: പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങൾ തെരുവ് സർക്കസ് പോലെയെന്ന് സിപിഐ
ഇരട്ട വോട്ടിൽ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്ന് സിപിഐയുടെ മുഖപത്രം ജനയുഗം. ഒരാളുടെ പേരിൽ ഒന്നിലേറെ വോട്ടർ ഐഡി ഉണ്ടാകുകയെന്നത് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അതിന്റെ ഉത്തരവാദിത്വം തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ്. സംസ്ഥാന സർക്കാരിന് പോലും ഇതിൽ ഇടപെടാനാകില്ല
ഇരട്ട വോട്ട് കണ്ടെത്തുന്നത് ഇത് ആദ്യമായിട്ടൊന്നുമല്ല. എല്ലാ മണ്ഡലത്തിലും പരിശോധന തുടരുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചതാണ്. പാകപ്പിഴവ് കണ്ടെത്തേണ്ട ഉത്തരവാദിത്വം രാഷ്ട്രീയ പാർട്ടികളുടേത് മാത്രമാണെന്ന തരത്തിൽ പ്രസംഗത്തിച്ച് കയ്യടി നേടാൻ ശ്രമിക്കുന്നത് അൽപ്പത്തരമായേ തോന്നൂ
വോട്ടർ പട്ടികയിലെ പരിശോധനകളും ഗൗരവമുള്ള തിരുത്തും തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരിധിയിലുള്ളതാണ്. ആക്ഷേപം ഉന്നയിക്കാൻ സമയം അനുവദിച്ചപ്പോൾ രാഷ്ട്രീയ പാർട്ടികൾ ഉറങ്ങുകയായിരുന്നോ എന്നുള്ള തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥന്റെ ചോദ്യം പ്രതിപക്ഷ നേതാവിനോട് ആണെങ്കിൽ പോലും പാടില്ലാത്തതാണ്.
പ്രതിപക്ഷ നേതാവ് നിരന്തരം നടത്തുന്ന വോട്ടർ പട്ടിക വിവാദം കേന്ദ്ര ഭരണക്കാർക്കുള്ള അന്നമായിട്ടേ കരുതാനാകൂ. കൂടിയാലോചനകളിലൂടെ പിഴവുകൾ തിരുത്തുന്നതിനുള്ള ഇടപെടൽ നടത്തുന്നതാണ് മാന്യത. ജനാധിപത്യത്തിന് ഭീഷണിയുണ്ടാക്കും വിധമാണ് പ്രതിപക്ഷ നേതാവ് ഇത് കൈകാര്യം ചെയ്യുന്നത്. സ്വന്തം പാർട്ടിക്കും മുന്നണിക്കും മുന്നിൽ ബോധ്യപ്പെടുത്താനുള്ള തെരുവ് സർക്കസായിട്ടേ പ്രതിപക്ഷ നേതാവിന്റെ പത്രസമ്മേളനങ്ങളെ കാണാനാകൂ.