Saturday, January 4, 2025
Kerala

ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നയാണ് ഞാൻ; സജി ചെറിയാൻ

ഭരണഘടനാ അടിസ്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നയാണ് താനെന്ന് മുൻമന്ത്രി സജി ചെറിയാൻ. വിവാദ പ്രസ്താവനയിൽ നിയമസഭയിൽ വിശദീകരണം നടത്തുകയായിരുന്നു അദ്ദേഹം. മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നതായിരുന്നു പ്രസംഗത്തിൻ്റെ ഉള്ളടക്കം. തൻ്റേതായ വാക്കുകളിലാണ് പ്രസംഗിച്ചത്. ഭരണഘടനാ വകുപ്പുകളെ ദുരുപയോഗം ചെയ്ത നിരവധി അനുഭവങ്ങൾ നമുക്ക് മുന്നിലുണ്ട്. അതിനെയാണ് പ്രസംഗത്തിൽ പ്രതിപാദിച്ചത്. പ്രസംഗം വളച്ചൊടിച്ചതാണെന്നും അദ്ദേഹം വിശദീകരിച്ചു.

ഭരണഘടനയോടുള്ള കൂറ് ഉയർത്തിപ്പിടിക്കുകയാണ് താൻ. പ്രസംഗം ദുർവ്യാഖ്യാനിച്ചതിൽ ഖേദമുണ്ട്. രാഷ്ട്രീയ ധാർമ്മികത ഉയർത്തിപ്പിടിച്ചാണ് മന്ത്രിസ്ഥാനം രാജിവച്ചത്. അംബേദ്കറിനെ ആക്ഷേപിച്ചതായി വരെ നുണ പ്രചാരണം നടത്തിയവരുണ്ട്. പറയാത്ത കാര്യങ്ങൾ പറഞ്ഞുവെന്ന് പ്രചരിപ്പിച്ചതിൽ വേദനയും ദു:ഖവുമുണ്ട്. അദ്ദേഹം വ്യക്തമാക്കി.

സജി ചെറിയാനെ മന്ത്രി സ്ഥാനത്ത് നിലനിർത്താൻ സിപിഐഎം സംസ്ഥാന നേതൃത്വം പരമാവധി ശ്രമിച്ചെങ്കിലും ഗുരുതര പരാമർശം നടത്തിയ മന്ത്രിക്കെതിരെ കർശന നടപടി വേണമെന്ന് സിപിഐഎം കേന്ദ്രനേതൃത്വം നിലപാട് സ്വീകരിക്കുകയായിരുന്നു. മല്ലപ്പള്ളി പ്രസംഗത്തിൽ സജി ചെറിയനെതിരെ രജിസ്റ്റർ ചെയ്ത എഫ് ഐആറിൽ മുൻ മന്ത്രി സജി ചെറിയാൻ ഭരണഘടനയെ അവഹേളിച്ചെന്ന് വ്യക്തമാക്കുന്നുണ്ട്. പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് സെക്ഷൻ 2 പ്രകാരമാണ് കേസെടുത്തത്. മൂന്ന് വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റമാണ് സജി ചെറിയനെതിരെ ചുമത്തിയിരിക്കുന്നത്.

സജി ചെറിയാൻ ഭരണഘടനയെ കുറിച്ച് പറഞ്ഞത് സിപിഐഎമ്മിന്റെ കണ്ണൂർ രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമായ നിലപാടാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചിരുന്നു. അദ്ദേഹം പറഞ്ഞ വാക്കുകൾ ഇടത് മുന്നണിയുടേയോ സിപിഎമ്മിന്റെയോ നിലപാടനുസരിച്ചല്ല. കണ്ണൂർ പാര്‍ട്ടി കോൺഗ്രസ് അംഗീകരിച്ച രാഷ്ട്രീയ പ്രമേയത്തിന് വിരുദ്ധമാണ് അദ്ദേഹത്തിന്റെ വാക്കുകൾ. മന്ത്രിസ്ഥാനം രാജി വെച്ച സജി ചെറിയാൻ എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്നും കാനം അഭിപ്രായപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *