കിണറ്റിൽ വീണ പുള്ളിപ്പുലിയെ മയക്കുവെടിവയ്ക്കാൻ കിണറ്റിലിറങ്ങി വനിതാ ഡോക്‌ടർ
കിണറ്റിൽ വീണ പുള്ളിപ്പുലിയെ മയക്കുവെടിവയ്ക്കാൻ കിണറ്റിലിറങ്ങിയ വനിതാ ഡോക്‌ടർ സമൂഹ മാധ്യമങ്ങളിൽ താരമാകുന്നു. മംഗളൂരുവിലെ കട്ടീലിൽ കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം. കൂർഗ് സ്വദേശിയായ ഡോ. പി മേഘനയാണ് സാഹസികമായി പുലിയെ കീഴ്പ്പെടുത്തിയത്.
താൻ നിരവധി രക്ഷാപ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് പുലിയെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങേണ്ടി വന്നതെന്ന് വനിതാ ഡോക്‌ടർ പറയുന്നു.
കർണാടകയിലെ മംഗളൂരു നഗരത്തിൽ നിന്ന് 35 കിലോമീറ്റർ അകലെയുള്ള നിഡോഡി ഗ്രാമത്തിലെ ഒരു കിണറ്റിൽ ഞായറാഴ്ചയാണ് ഒരു വയസ്സുള്ള പുള്ളിപ്പുലി വീണത്. രണ്ട് ദിവസം കഴിഞ്ഞിട്ടും പുലിയെ പുറത്തെത്തിക്കാൻ കഴിഞ്ഞിരുന്നില്ല. ആ സാഹചര്യത്തിലാണ് വനിതാ ഡോക്‌ടർ കിണറ്റിലിറങ്ങിയത്.