പശുക്കടത്ത് ആരോപിച്ച് കൊലപാതകം: പ്രതിയുടെ ഗര്‍ഭിണിയായ ഭാര്യയെ പൊലീസ് മര്‍ദിച്ചതായി പരാതി; കുഞ്ഞ് മരിച്ചെന്ന് യുവതി
ഹരിയാനയില്‍ പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ കൊലപ്പെടുത്തിയ സംഭവത്തില്‍ രാജസ്ഥാന്‍ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതിയുടെ കുടുംബം. പൊലീസ് വീട്ടില്‍ കയറി ആക്രമിച്ചെന്നും ഗര്‍ഭിണിയായ തന്നെ മര്‍ദിച്ചെന്നും പ്രതിയുടെ ഭാര്യ പരാതിപ്പെട്ടു. മര്‍ദനത്തില്‍ കുഞ്ഞ് മരിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. യുവതിയുടെ പരാതിയില്‍ ഹരിയാന പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാല്‍ ഗര്‍ഭിണിയെ മര്‍ദിച്ചെന്ന ആരോപണം രാജസ്ഥാന്‍ പൊലീസ് പൂര്‍ണമായും നിഷേധിച്ചു.
വീടിന്റെ വാതില്‍ ബലമായി തള്ളിത്തുറന്ന് അകത്തുകടന്ന പൊലീസ് ഗര്‍ഭിണിയായ യുവതിയുടെ അടിവയറ്റില്‍ മര്‍ദിച്ചെന്നാണ് പരാതി. രാത്രി വൈകിയാണ് പൊലീസെത്തിയതെന്നും വീട്ടിലെ ഉപകരണങ്ങളും തടിസാമഗ്രികളും നശിപ്പിച്ചെന്നും പ്രതിയുടെ ഭാര്യ കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പാണ് പശുക്കടത്ത് ആരോപിച്ച് മുസ്ലിം യുവാക്കളെ ചുട്ടുകൊന്നതായി ആരോപണം ഉയര്‍ന്നത്.
വ്യാഴാഴ്ച രാവിലെയാണ് ഹരിയാനയിലെ ഭിവാനി ജില്ലയില്‍ ഒരു വാഹനത്തിനുള്ളില്‍ നിന്നും കത്തിക്കരിഞ്ഞ രണ്ട് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. വാഹനവും കത്തി നശിച്ച നിലയിലായിരുന്നു. നാട്ടുകാരില്‍ നിന്നും വിവരം ലഭിച്ച പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പ്രാഥമിക അന്വേഷണത്തില്‍ കൊല്ലപ്പെട്ടത് നസീര്‍, ജുനൈദ് എന്നിവരാണെന്ന് കണ്ടെത്തി. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്.