യുവാവിനെ പൊലീസ് വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി
പത്തനംതിട്ടയില്‍ യുവാവിനെ പൊലീസ് വീട്ടില്‍ കയറി മര്‍ദിച്ചതായി പരാതി. പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വിഷ്ണുവിനെതിരെയാണ് പരാതി. ഉള്ളന്നൂര്‍ സ്വദേശി ജോണിക്കാണ് മര്‍ദനമേറ്റത്. പരുക്കേറ്റ ജോണിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
‘മര്‍ദനം എന്തിന്റെ പേരിലായിരുന്നു എന്ന് പോലും അറിയില്ല. ഗ്രേഡ് എസ്‌ഐ ഉള്‍പ്പെടെ നാല് പൊലീസുകാരാണ് വീട്ടിലേക്ക് വന്നത്. കാരണം പോലും പറയാതെ വടികൊണ്ട് മര്‍ദിച്ചു. കുനിച്ചുനിര്‍ത്തിയും അടിച്ചു. എസ്‌ഐ ആണ് കൂടുതല്‍ മര്‍ദിച്ചത്. ഇപ്പോള്‍ കൈപോലും അനക്കാന്‍ കഴിയുന്നില്ല’. മര്‍ദനമേറ്റയാള്‍ പറഞ്ഞു.
ഇന്നലെ വൈകിട്ടാണ് എസ്‌ഐ വിഷ്ണുവിന്റെ നേതൃത്വത്തില്‍ പൊലീസുകാര്‍ വീട്ടില്‍ കയറി ജോണിയെ മര്‍ദിച്ചത്. ഇന്ന് രാവിലെ സുഹൃത്തിന്റെ സഹായത്തോടൊണ് ജോണിയെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജോണിയുടെ കയ്യില്‍ ചതവുമേറ്റിട്ടുണ്ട്. എന്നാല്‍ സംഭവത്തെ കുറിച്ച് അറിയില്ലെന്നാണ് പൊലീസ് പറയുന്നത്.
അയൽവാസി പഞ്ചായത്ത് റോഡ് കയറി മതിൽ കെട്ടിയത് ചോദ്യം ചെയ്തിരുന്നുവെന്നും ഇത് പഞ്ചായത്ത് മെമ്പർമാർ തന്നെ പറഞ്ഞ് തീർപ്പാക്കിയിരുന്നുവെന്നും ജോണി പറയുന്നു.ഇതിനു പിന്നാലെയാണ് എസ്ഐയുടെ നേതൃത്വത്തിലുള്ള പോലീസ് എത്തുകയും തന്നെ മർദ്ദിക്കുകയും ചെയ്തത്.ഡിവൈഎഫ്ഐ പ്രവർത്തകന്റെ കർണ്ണപടം അടിച്ച് തകർത്ത കേസിൽ സ്ഥലം മാറ്റപ്പെട്ട എസ്ഐക്ക് പകരം എത്തിയ എസ്ഐ ആണ് യുവാവിനെ മർദ്ദിച്ചത്.സംഭവത്തിൽ പത്തനംതിട്ട എസ്പിക്ക് പരാതി നൽകുമെന്നും ജോണി പറഞ്ഞു.