Tuesday, January 7, 2025
National

‘ഖത്തര്‍ ലോകകപ്പ് പോലൊന്ന് ഇന്ത്യയിൽ നടക്കും, അവിടെ ത്രിവര്‍ണ പതാക പാറി പറക്കും: നരേന്ദ്ര മോദി

ഖത്തര്‍ ലോകകപ്പ് പോലൊന്ന് ഇന്ത്യയിൽ നടക്കും,അവിടെ ത്രിവര്‍ണ പതാക പാറി പറക്കുന്ന ദിവസം വിദൂരമല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കായിക മേഖല വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രമെന്ന് പ്രധാനമന്ത്രി പറഞ്ഞു. മേഘാലയയില്‍ വിവിധ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നരേന്ദ്രമോദി.

രാജ്യത്തെ ആദ്യത്തെ ‘നാഷണല്‍ സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റി’ തുറക്കുമെന്നും പ്രധാനപ്പെട്ട 90 സ്പോർട്സ് പ്രൊജക്ടുകളാണ് മേഖലയില്‍ നടപ്പിലാക്കാന്‍ ഉദേശിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ന് ലോകകപ്പ് ഖത്തറിലാണ്, നമ്മള്‍ വിദേശ ടീമുകള്‍ക്കായി ആഹ്‌ളാദിക്കുന്നു.

എന്നാല്‍ ഈ രാജ്യത്തെ യുവാക്കളില്‍ എനിക്ക് വിശ്വാസമുണ്ട്. ഇത്തരത്തില്‍ ആഗോള കായിക മത്സരങ്ങള്‍ക്ക് നമ്മള്‍ ആതിഥേയത്വം വഹിക്കുന്ന ദിവസം വിദൂരമല്ലെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പ് നല്‍കുന്നു, നമ്മുടെ ത്രിവര്‍ണ്ണ പതാക ഉയരത്തില്‍ പറക്കും.

ഇന്ന് ലോകകപ്പ് ഫൈനല്‍ നടക്കാനിരിക്കെ, ഞാന്‍ ഇവിടെ ഷില്ലോങ്ങില്‍ ഫുട്‌ബോള്‍ ആരാധകര്‍ക്കിടയില്‍ ഒരു ഫുട്‌ബോള്‍ മൈതാനത്ത് റാലി നടത്തുന്നു എന്നത് യാദൃശ്ചികമാണ്. അവിടെ (ഖത്തറില്‍) ഫുട്‌ബോള്‍ ഭ്രമമാണെങ്കില്‍ ഇവിടെ വികസന ഭ്രമമാണ്.

സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റിന് എതിരായി പ്രവര്‍ത്തിച്ചാല്‍ അവരെ ചുവപ്പ് കാര്‍ഡ് കാണിച്ച് പുറത്താക്കുന്നത് പോലെ കഴിഞ്ഞ എട്ട് വര്‍ഷമായി വടക്കുകിഴക്കന്‍ മേഖലയുടെ വികസനത്തില്‍ തടസമായി വന്നതിനെല്ലാം ചുവപ്പ് കാര്‍ഡ് കാണിച്ചുവെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *