Tuesday, April 15, 2025
National

ചാരവൃത്തി, വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവർ കസ്റ്റഡിയിൽ; സംഭവത്തിന് പിന്നിൽ പാകിസ്ഥാൻ സ്വദേശിനിയുടെ ഹണി ട്രാപ്പ്

ചാരവൃത്തി നടത്തിയതിന് വിദേശകാര്യ മന്ത്രാലയത്തിലെ ഡ്രൈവർ കസ്റ്റഡിയിൽ. ശ്രീകൃഷ്ണ എന്നയാളാണ് അറസ്റ്റിലായത്. പാകിസ്ഥാൻ സ്വദേശിനി ഇയാളെ ഹണി ട്രാപ്പിൽ കുടുക്കുകയായിരുന്നു. പൂനം ശർമ്മ എന്ന പേരിൽ എത്തിയ യുവതി ഐഎസ് ഏജന്റ് ആണെന്ന് ഡൽഹി പൊലീസ് അറിയിച്ചു.

ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് ആണ് ഈ കേസ് അന്വേഷിക്കുന്നത്. അറസ്റ്റിലായ ശ്രീകൃഷ്ണയുടെ സാമൂഹിക മാധ്യമങ്ങളിലെ ചില ഇടപെടലുകൾ സംബന്ധിച്ച് ചില രഹസ്യവിവരങ്ങൾ ഡൽഹി പൊലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാക് സ്വദേശിനിയായ ഒരു യുവതിയുമായി ഇയാൾ നിരന്തരം സമ്പർക്കം പുലർത്തുന്നു എന്ന് മനസ്സിലാക്കിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാൾ ഹണി ട്രാപ്പിന് വിധേയനായിരിക്കുകയാണ് എന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തുകയായിരുന്നു.

ഹണി ട്രാപ്പിൽ നിന്ന് ഇയാളെ രക്ഷിക്കുക എന്നുള്ളതായിരുന്നു ക്രൈംബ്രാഞ്ചിന്റെ ആദ്യലക്ഷ്യം. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ഇയാളിൽ നിന്ന് കൂടുതൽ വിവരങ്ങളും രേഖകളും ഈ യുവതി ശേഖരിച്ചിട്ടുണ്ട് എന്ന് വ്യക്തമായത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇയാളെ നിരീക്ഷിച്ചിരുന്നത്. തുടർന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച ശേഷം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അറസ്റ്റ് അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ രേഖപ്പെടുത്തുമെന്നാണ് ക്രൈംബ്രാഞ്ച് അറിയിക്കുന്നത്.

മറ്റ് ഏതെങ്കിലും ഉദ്യോഗസ്ഥർ ഇത്തരത്തിൽ ഹണി ട്രാപ്പിന്റെ ഭാഗമായിട്ടുണ്ടോ എന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ അന്വേഷിക്കുകയാണ്. പാക് യുവതിയെ കണ്ടെത്താനായിട്ടുള്ള തെരച്ചിലും പൊലീസ് അനുബന്ധമായി നടത്തുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *