കശ്മീരില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ; മൂന്ന് ജവാന്മാർക്ക് വീരമൃത്യു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ നിയന്ത്രണരേഖയ്ക്ക് സമീപം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാകിസ്ഥാൻ. പാക് സൈന്യം നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചു. വെടിവയ്‌പ്പിൽ അഞ്ച് സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചതായി സൈനിക വക്താവ് കേണല്‍ രാജേഷ് കാലിയ പ്രതികരിച്ചു.
ജമ്മു കശ്മീരിലെ കുപ്വാരയിലെ നൗഗാമിലും പൂഞ്ചിലും വ്യാഴാഴ്ച രാവിലെയാണ് പാക് സൈന്യത്തിന്റെ ഭാഗത്തുനിന്ന് ആക്രമണമുണ്ടായത്. നൗഗാം മേഖലയിൽ രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചു , നാല് പേര്‍ക്ക് പരിക്കേറ്റു, പൂഞ്ചില്‍ ഒരു സൈനികനാണ് വീരമൃത്യു വരിച്ചത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തതായി സൈനിക വക്താവ് അറിയിച്ചു.
നിയന്ത്രണരേഖയിലും ഇന്ത്യന്‍ പോസ്റ്റുകളിലേക്കും പാകിസ്താന്‍ മോര്‍ട്ടാര്‍ ആക്രമണവും വെടിവെപ്പും തുടരുകയാണ്.കഴിഞ്ഞ എട്ട് മാസത്തിനിടെ മൂവായിരത്തിലധികം തവണയാണ് പാകിസ്താന്റെ ഭാഗത്തുനിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്.