Thursday, January 9, 2025
National

സിൽവർ ലൈൻ ചർച്ചയായില്ല; കർണ്ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായി വിജയൻ

കർണ്ണാടക മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം- മൈസൂരു ദേശീയ പാത, കാസർഗോഡ്- കാണിയൂർ റെയിൽ പാത എന്നിവ ചർച്ചയായി. അനുകൂല നിലപാടാണ് കർണ്ണാടക സർക്കാർ സ്വീകരിച്ചത്. എന്നാൽ കൂടിക്കാഴ്ചയിൽ സിൽവർ ലൈൻ ചർച്ചയായില്ല. നഞ്ചൻകോഡ്- നിലമ്പൂർ റെയിൽ പാതയ്ക്ക് പാരിസ്ഥിതിക അനുമതി പ്രശ്‌നമെന്ന് കർണ്ണാടക അറിയിച്ചു.

കേരള മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. രണ്ടു സംസ്ഥാനങ്ങൾക്കും ഗുണകരമായ വിവിധ വിഷയങ്ങൾ ചർച്ച ചെയ്തെന്ന് മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു.

വടക്കൻ കേരളത്തെയും തെക്കൻ കർണാടകത്തെയും ഏറ്റവും കുറഞ്ഞ ദൂരത്തിൽ ബന്ധിപ്പിക്കുന്ന കാഞ്ഞങ്ങാട്- പാണത്തൂർ- കണിയൂർ റെയിൽവേ ലൈൻ പദ്ധതി കർണാടക സർക്കാർ പരിശോധിക്കുമെന്നും ഇതിനാവശ്യമായ സാമ്പത്തിക സഹായം നൽകുന്ന കാര്യം ഗൗരവമായി പരിഗണിക്കുമെന്നും കർണാടക മുഖ്യമന്ത്രി അറിയിച്ചു.

ചർച്ചയിൽ കർണാടക ഹൗസിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ വകുപ്പ് മന്ത്രി ശ്രീ വി സോമണ്ണ, കേരള ചീഫ് സെക്രട്ടറി ഡോ. വി പി ജോയ്, കർണാടക ചീഫ് സെക്രട്ടറി ശ്രീമതി വന്ദിത ശർമ, കേരള തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശ്രീമതി ശാരദ മുരളീധരൻ, നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഉദ്യോഗസ്ഥർ, കർണാടക ഗവൺമെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *