Monday, January 6, 2025
National

മാഹിയിൽ നിന്ന് കേരളത്തിലേക്ക് വ്യാപക ഇന്ധനക്കടത്ത്; സംസ്ഥാനത്തിന് കോടികളുടെ നികുതി നഷ്ടം

മാഹിയിൽ നിന്ന് കേരളത്തിലേക്ക് വ്യാപക ഡീസൽ കള്ളക്കടത്ത്. മൂന്ന് ദിവസത്തിനിടെ 36,000 ലിറ്റർ ഇന്ധനക്കടത്താണ് തലശ്ശേരി പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിന് നികുതിയിനത്തിൽ കോടികളുടെ നഷ്ടമാണ് ഡീസൽക്കടത്ത് സൃഷ്ടിക്കുന്നത്. സംസ്ഥാനത്തെ പമ്പുകൾക്ക് വരുമാന നഷ്ടത്തിനും ഇടയാക്കുന്നതാണ് കടത്ത്.

പള്ളൂർ, പന്തക്കൽ എന്നിവിടങ്ങളിൽ നിന്നാണ് ടാങ്കറുകളിൽ വൻ തോതിലാണ് എണ്ണ കടത്തുന്നത്. പെട്രോൾ ലിറ്ററിന് കേരളത്തിൽ 105.84 രൂപയാണെങ്കിൽ മാഹിയിൽ 93.78 രൂപയാണ് വില. 12.06 രൂപയാണ് വ്യത്യാസം. ഡീസലിന് കണ്ണൂരിൽ 94.79 രൂപയും മാഹിയിൽ 83.70 രൂപയാണ് വില.

വിലയിലുള്ള ഈ അന്തരമാണ് എണ്ണ കടത്ത് സജീവമാകൻ കാരണം. കേന്ദ്ര സർക്കാർ വില കുറച്ചതിന് പിന്നാലെ പോണ്ടിച്ചേരി സർക്കാരും നികുതി ഇളവ് പ്രഖ്യാപിച്ചതോടെയാണ് മാഹിയിൽ പെട്രോൾ, ഡീസൽ വില കുത്തനെ ഇടിഞ്ഞത്. പിന്നാലെയാണ് മാഹി കേന്ദ്രീകരിച്ചു എണ്ണ കടത്ത് സംഘങ്ങളും സജീവമായത്.

കടത്തിന് ഉപയോഗിക്കുന്ന ടാങ്കറുകളുടെ പരമാവധി സംഭരണശേഷി 12,000 ലിറ്ററാണ്. പുതുച്ചേരി സംസ്ഥാനത്തിന്റെ ഭാഗമായ മാഹി പിന്നിട്ടാൽ ഒരു ടാങ്കർ ഡീസലിന് ഒരു ലക്ഷത്തി മുപ്പതിനായിരത്തിലധികം രൂപയാണ് ലാഭം. മാഹിയിലെ പമ്പുകളിൽ ടാങ്കറെത്തിച്ച് ഇന്ധനം നിറയ്ക്കും. കേരളത്തിലെ വിവിധ ജില്ലകളിലേക്കാണ് കടത്ത്. പിന്നീട് വിപണി വിലയേക്കാൾ നേരിയ കുറവിൽ വിൽപന നടത്തും.

സംസ്ഥാനത്തിന് പ്രതിമാസം കോടികളുടെ നികുതി നഷ്ടമെന്ന് ന്യൂ മാഹി എസ് ഐ അറിയിച്ചു. സംസ്ഥാനത്തെ പമ്പുകൾക്ക് വരുമാന നഷ്ടത്തിനും കടത്ത് കാരണമാകുന്നു. യന്ത്രസംവിധാനങ്ങൾക്ക് ഉപയോഗിക്കാനായി ഇന്ധനം കൊണ്ടു പോകുന്നതിനുള്ള ക്രമീകരണത്തിൻ്റെ മറപിടിച്ചാണ് കടത്ത്. എന്നാൽ ഇതിനെല്ലാമുള്ള ചട്ടങ്ങൾ മറികടന്നാണ് തട്ടിപ്പ്. കടത്തിന് പിന്നിൽ വൻ നെറ്റ് വർക്കെന്ന് പൊലീസ് അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *