Saturday, April 12, 2025
Kerala

ഇന്ധന വില വീണ്ടും ഉയര്‍ന്നേക്കും; നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചന; നീക്കം കൊറോണ ആഘാതം മറികടക്കാന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വീണ്ടും ഉയര്‍ന്നേക്കും. ഇന്ധന നികുതി വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചനയിലാണ്. കൊറോണയുടെ പശ്ചാത്തലത്തില്‍ ആവശ്യമായി വന്ന അധിക ചെലവിന് പണം കണ്ടെത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

പട്രോളിൻ്റെയും ഡീസലിന്റെയും എക്സൈസ് ഡ്യൂട്ടിയാണ് വര്‍ധിപ്പിക്കുക. അടുത്തിടെ സര്‍ക്കാര്‍ എക്സൈസ് ഡ്യൂട്ടി പരിധി വര്‍ധിപ്പിച്ചിരുന്നു. ഇനിയും വര്‍ധിപ്പിച്ചാല്‍ ഒരു പക്ഷേ സാധാരണക്കാര്‍ക്ക് കനത്ത തിരിച്ചടിയാകും. അവശ്യസാധനങ്ങളുടെ വില വര്‍ധിക്കാനും യാത്രാ ചെലവുകള്‍ ഉയരാനും ഇടയാക്കിയേക്കും. എന്നാല്‍ ചില്ലറ വിലയില്‍ വര്‍ധനവുണ്ടാകില്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

മൂന്ന് മുതല്‍ ആറ് രൂപ വരെ എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ വര്‍ധിപ്പിക്കാനാണ് ആലോചിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തില്‍ സാമ്പത്തിക മേഖല തകര്‍ന്നടിഞ്ഞിരിക്കുകയാണ്. ശക്തമായ ഉത്തേജന പദ്ധതി പ്രഖ്യാപിച്ച് സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനാണ് കേന്ദ്ര ധനമന്ത്രാലയം ആലോചിക്കുന്നത്. ഈ സാഹചര്യത്തില്‍ അധികമായി വരുമാനം ആവശ്യമാണ്. അധിക വരുമാനം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് എണ്ണ നികുതി വര്‍ധിപ്പിക്കുന്നതത്രെ. ഇതിലൂടെ ഒരു വര്‍ഷം 60000 കോടി രൂപയാണ് വരുമാനം ലക്ഷ്യമിടുന്നത്.
ചില്ലറ വിപണിയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധിച്ചാല്‍ സാമ്പത്തിക രംഗത്ത് വിപരീത ഫലമാണുണ്ടാകുക. ഒരുപക്ഷേ പണപ്പെരുപ്പം കുത്തനെ വര്‍ധിക്കാന്‍ ഇത് ഇടയാക്കും. ഇതോടെ സാമ്പത്തിക രംഗം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാകും ചെയ്യുക. പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി പരിധി 18 രൂപയായും ഡീസലിന്റെത് 12 രൂപയായും വര്‍ധിപ്പിച്ച് കഴിഞ്ഞ മാര്‍ച്ചില്‍ പാര്‍ലമെന്റില്‍ ബില്ല് പാസാക്കിയിരുന്നു. പ്രത്യേക അനുബന്ധ എക്സൈസ് ഡ്യൂട്ടിയായിട്ടാണ് ഇത്രയും വര്‍ധന വരുത്തിയത്.
മെയ് മാസത്തില്‍ പെട്രോളിന്റെ എക്സൈസ് ഡ്യൂട്ടി 12 രൂപയായും ഡീസലിന്റേത് 9 രൂപയായും സര്‍ക്കാര്‍ കൂട്ടി. അതായത് പാര്‍ലമെന്റ് അനുമതി നല്‍കിയ പ്രകാരം കണക്കാക്കിയാല്‍ പെട്രോളിന് 6 രൂപയും ഡീസലിന് 3 രൂപയും എക്സൈസ് ഡ്യൂട്ടി ഇനത്തില്‍ വര്‍ധിപ്പിക്കാനുണ്ട്. ഈ സാധ്യത ഉപയോഗിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. നികുതി പരിധി ഉയര്‍ത്തുന്നത് കൊണ്ട് ചില്ലറ വിപണിയില്‍ വില വര്‍ധന വരില്ലെന്നാണ് ഉദ്യോഗസ്ഥര്‍ സൂചിപ്പിക്കുന്നത്. നിലവില്‍ ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന ഉല്‍പ്പന്നങ്ങളാണ് ഡീസലും പെട്രോളും.

Leave a Reply

Your email address will not be published. Required fields are marked *