കേരളത്തിലെ വിലയുമായി വലിയ മാറ്റം; മാഹിയിലെ പെട്രോൾ പമ്പുകളിൽ വൻ തിരക്ക്
കേന്ദ്രസർക്കാരിന് പിന്നാലെ പുതുച്ചേരിയും ഇന്ധനവിലയുടെ വാറ്റ് നികുതി കുറച്ചതോടെ മാഹിയിലെ പെട്രോൾ പമ്പുകളിൽ ഇന്ധനം നിറയ്ക്കാനെത്തുന്നവരുടെ വൻ തിരക്ക്. മാഹിയിൽ പെട്രോളിന് 92.52 രൂപയും ഡീസലിന് 80.94 രൂപയുമാണ് നിലവിലുള്ളത്. കണ്ണൂരിലെ വിലയുമായി പെട്രോളിന് 11.91 രൂപയുടെയും ഡീസലിന് 10.74 രൂപയുടെയും വ്യത്യാസമുണ്ട്
തലശ്ശേരി, വടകര മേഖലകളിൽ നിന്നുള്ളവർ ഇന്ധനം നിറയ്ക്കാനായി കൂട്ടത്തോടെ മാഹിയിലേക്ക് എത്തുന്നത് നഗരത്തിൽ വലിയ ഗതാഗത കുരുക്കിനും വഴിവെച്ചിട്ടുണ്ട്. നഗരത്തിലെ 15 പമ്പുകളിലും വാഹനങ്ങളുടെ നീണ്ട നിര തന്നെ കാണാം.
കേന്ദ്രം നികുതി കുറയ്ക്കുന്നതിന് മുമ്പ് മാഹിയിൽ പെട്രോളിന് 105.32 രൂപയും ഡീസലിന് 99.86 രൂപയുമായിരുന്നു വില. ഇന്ധനവിലയിൽ കേരളവുമായി വലിയ വ്യത്യാസം വന്നതോടെ ദേശീയപാത വഴി കടന്നുപോകുന്ന വാഹനങ്ങളും കോഴിക്കോട്-കണ്ണൂർ റൂട്ടിലോടുന്ന ദീർഘ ദൂര ബസുകളും ഇന്ധനം നിറയ്ക്കാനായി മാഹിയിലെ പമ്പുകളെയാണ് ആശ്രയിക്കുന്നത്. ഇതോടൊപ്പം മാഹിയിൽ നിന്ന് എണ്ണക്കടത്തും നടക്കുന്നുണ്ട്.