Friday, January 24, 2025
National

തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിയും മുസ്ലിം ലീഗ് എംപിയും തമ്മിൽ വാക്കേറ്റം, ഇടപെട്ട കളക്ടരെ തള്ളിയിട്ടു

ചെന്നൈ: തമിഴ്നാട്ടിൽ ഡിഎംകെ മന്ത്രിയും ലീഗ് എംപിയും തമ്മിൽ പൊതുവേദിയിൽ വെച്ച് വാക്കേറ്റമുണ്ടായി. രാമനാഥപുരത്തു സർക്കാർ ചടങ്ങ് നേരത്തെ തുടങ്ങിയതിനെ ചൊല്ലിയായിരുന്നു തർക്കം. സംസ്ഥാനത്തെ മന്ത്രി രാജകണ്ണപ്പനും മുസ്ലിം ലീഗിന്റെ എംപി നവാസ് കനിയുമാണ് കൊമ്പുകോർത്തത്. തർക്കം പരിഹരിക്കാൻ ഇടപെടാൻ ശ്രമിച്ച ജില്ലാ കളക്ടറെ വേദിയിൽ നിന്ന് തള്ളി താഴെയിട്ടു. സംഭവത്തിൽ ജില്ലാ കളക്ടറെ തള്ളിയിട്ടതിൽ കേസെടുത്ത പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പിന്നാലെ ജില്ലാ കളക്ടർക്കെതിരെ മുസ്ലിം ലീഗ് എംപി നവാസ് കനി തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് പരാതി നൽകി. എന്നാൽ മന്ത്രി രാജകണ്ണപ്പനെതിരെ പരാതിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാട്ടിൽ ഡിഎംകെയുടെ ഘടകകക്ഷിയാണ് മുസ്ലിം ലീഗ്. സംസ്ഥാനത്ത് മുസ്ലിം ലീഗിന്റെ ഏക എംപിയാണ് നവാസ് കനി. ഡിഎംകെ പിന്തുണയോടെയാണ് നവാസ് കനി കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് ജയിച്ചത്. എസ്എസ്എൽസി പ്ലസ് ടു വിദ്യാർത്ഥികളിൽ മികച്ച വിജയം നേടിയവരെ സംസ്ഥാനത്ത് സർക്കാർ ആദരിക്കുന്ന പരിപാടി നടക്കുന്നുണ്ട്. ഈ പരിപാടിക്കിടെയാണ് സംഭവം നടന്നത്. മന്ത്രിക്ക് മറ്റൊരു പരിപാടിയിൽ പങ്കെടുക്കാനുണ്ടായിരുന്നതിനാൽ ഇദ്ദേഹം പരിപാടി സ്ഥലത്ത് നേരത്തേയെത്തി. പിന്നാലെ പരിപാടി തുടങ്ങാൻ ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകി. മന്ത്രി പറഞ്ഞത് അനുസരിച്ച് കളക്ടർ പരിപാടി തുടങ്ങാൻ നിർദ്ദേശം നൽകി.

എന്നാൽ അൽപ്പം വൈകിയാണ് പരിപാടി സ്ഥലത്തേക്ക് എംപി എത്തിയത്. അപ്പോഴേക്കും പരിപാടി തുടങ്ങിയത് കണ്ട് എംപി കുപിതനായി. പിന്നാലെ എംപിയും മന്ത്രിയും തമ്മിൽ വാക്കേറ്റമുണ്ടായി. ഇരു പാർട്ടി പ്രവർത്തകരും പരസ്പരം കൊമ്പുകോർത്തു. ഇതിനിടയിൽ മന്ത്രിയെയും എംപിയെയും അനുനയിപ്പിക്കാൻ ശ്രമിച്ച ജില്ലാ കളക്ടറെ കൂട്ടത്തിലുണ്ടായിരുന്ന ഒരാളാണ് തള്ളി താഴെയിട്ടത്. നിലതെറ്റിയ ജില്ലാ കളക്ടർ നിലത്തുവീണു. ഈ സംഭവത്തിലാണ് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *