Thursday, January 23, 2025
Kerala

രാജ്യത്ത് ന്യൂനപക്ഷ വേട്ട, വർഗീയ അഴിഞ്ഞാട്ടത്തിന് പ്രധാനമന്ത്രി കൂട്ടുനിൽക്കുന്നത് അപകടകരം; ചെന്നിത്തല

രാജ്യത്ത് ന്യൂനപക്ഷ വേട്ട നടക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഏകാധിപതികളുടെ സ്മരണ ഉണർത്തുന്ന ചെങ്കോലും കൈയ്യിലേന്തി രാജ്യത്തിന്റ അടിസ്ഥാനശിലകളെ തകർക്കുന്ന വർഗീയ അഴിഞ്ഞാട്ടത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂട്ടുനില്‍ക്കുന്നത് അത്യന്തം അപകടകരമാണെന്നും രമേശ് ചെന്നിത്തല.

മണിപ്പൂരിൽ ക്രിസ്ത്യാനികൾക്കെതിരെയും ഉത്തരാഖണ്ഡിലും മഹാരാഷ്ട്രയിലും മുസ്ലീങ്ങൾക്കെതിരെയും നടക്കുന്ന അക്രമങ്ങൾക്ക് പിന്നിൽ ബിജെപിയും ബിജെപിയുടെ പിന്തുണയുള്ള വർഗീയ സംഘടനകളാണ്. ഫലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ന്യൂനപക്ഷ വേട്ടയാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്നത്. ഇത് ഉടൻ അവസാനിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയം ബിജെപി ദേശീയ നേതൃത്വത്തെ ഭയപ്പെടുത്തിയിരിക്കുകയാണ്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പ് നടക്കാനിരിക്കുന്ന പ്രധാനപ്പെട്ട മൂന്നു നിയമസഭാ തെരഞ്ഞെടുപ്പുകളിലും 2018 ലെക്കാള്‍ മികച്ച വിജയം കോണ്‍ഗ്രസ് ഉറപ്പാക്കിക്കഴിഞ്ഞു എന്നും അവര്‍ക്കറിയാം. വര്‍ഗ്ഗീയ രാഷ്ട്രീയത്തിനെതിരായ ഈ തേരോട്ടത്തെ ന്യൂനപക്ഷ വിരുദ്ധ രാഷ്ട്രീയം കൊണ്ട് ചെറുക്കാനുള്ള ബിജെപി തന്ത്രത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നിലയ്ക്കാത്ത അക്രമങ്ങള്‍.

അക്രമങ്ങളുടെ ഗുണഭോക്താക്കള്‍ ബിജെപിതന്നെയാണ്. ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തിയും കൊന്നൊടുക്കിയും അവരുടെ ആരാധനാലയങ്ങള്‍ തകര്‍ത്തും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളെ ഭവനരഹിതരാക്കിയും ആര്‍ക്കു വേണ്ടിയാണ് ബിജെപിയും കൂട്ടരും ഈ അതിക്രമങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നത്. ജനങ്ങളെ അടുപ്പിക്കാനാണ് ഭരണാധികാരികളും ഭരിക്കുന്ന പാര്‍ട്ടിയും ശ്രമിക്കേണ്ടതെന്നും ചെന്നിത്തല പറഞ്ഞു,

Leave a Reply

Your email address will not be published. Required fields are marked *