സാമ്പത്തിക ഇടപാടിനെ തുടർന്ന് തർക്കം; ഡൽഹിയിൽ സഹോദരികളായ യുവതികൾ കൊല്ലപ്പെട്ടു
ഡൽഹിയിൽ കെ ആർ പുരത്തുണ്ടായ വെടിവയ്പ്പിൽ സഹോദരികളായ യുവതികൾ കൊല്ലപ്പെട്ടു. പിങ്കി (30), ജ്യോതി (29) എന്നിവരാണ് മരിച്ചത്. സാമ്പത്തിക ഇടപാടിലെ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് സൂചന. ആക്രമികളെ തിരിച്ചറിഞ്ഞെന്നും തെരച്ചിൽ ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് വെടിവയ്പ്പുണ്ടായത്. പുലർച്ചെ നാലരയോടെ ലഭിച്ച ഫോൺ കോൾ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോഴാണ് യുവതികൾ കുത്തേറ്റ് കിടക്കുന്നത് കണ്ടത്. തുടർന്ന് പൊലീസ് ഇവരെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊല്ലപ്പെട്ട യുവതികളുടെ മൃതദേഹം എസ്ജെ ആശുപത്രിയിലേക്ക് മാറ്റി. അക്രമികൾ യുവതികളുടെ സഹോദരനെ തേടിയാണ് വന്നതെന്നും ഇതിനിടയിലാണ് യുവതികളെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. സഹോദരനും പ്രതികളും തമ്മിൽ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നുവെന്നാണ് വിവരം.