വിവാഹമോചനത്തിന് ഒരു കോടി രൂപ ആവശ്യപ്പെട്ട ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ; 71കാരനും കൊട്ടേഷൻ സംഘവും അറസ്റ്റിൽ
വിവാഹമോചനം ചെയ്യാൻ ഒരു കോടി രൂപ ആവശ്യപ്പെട്ട ഭാര്യയെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത 71 വയസുകാരൻ പിടിയിൽ. രണ്ട് പേരടങ്ങിയ കൊട്ടേഷൻ സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തു.
ഡൽഹിയിലാണ് സംഭവം. ഡൽഹി രജൗരി ഗാർഡനിൽ താമസിക്കുന്ന എസ്കെ ഗുപ്ത എന്നയാൾ ഏതാണ്ട് 6 മാസങ്ങൾക്കു മുൻപാണ് വിവാഹം കഴിച്ചത്. സെറിബ്രൽ പാൾസിയുള്ള മകൻ അമിത് ഗുപ്തയെ (45) ഇവർ സംരക്ഷിക്കുമെന്ന് കരുതിയായിരുന്നു വിവാഹം. എന്നാൽ, ഭാര്യ ഇതിനു തയ്യാറായില്ല. തുടർന്ന് ബന്ധം അവസാനിപ്പിക്കാൻ ഒരു കോടി രൂപ നൽകണമെന്ന് ഭാര്യ ആവശ്യപ്പെട്ടു. ഇതോടെയാണ് ഭാര്യയെ കൊലപ്പെടുത്താൻ ഗുപ്ത കൊട്ടേഷൻ നൽകിയത്.
മകനെ ആശുപത്രിയിൽ കൊണ്ടുപോകാറുണ്ടായിരുന്ന വിപിൻ സേഥിയോട് ഭാര്യയെ കൊലപ്പെടുത്തിയാൽ 10 ലക്ഷം രൂപ നൽകാമെന്ന് എസ്കെ ഗുപ്ത വാഗ്ധാനം പറഞ്ഞു. 2.4 ലക്ഷം രൂപ മുൻകൂറായി വാങ്ങിയ ഇയാൾ ഹിമാൻശു എന്നയാളുടെ സഹായത്തോടെയാണ് കൊലപാതകത്തിനു പദ്ധതിയിട്ടത്. ഇരുവരും ചേർന്ന് ഭാര്യയെ കുത്തിക്കൊന്ന് വീട് അലങ്കോലമാക്കി മോഷണമെന്ന് ചിത്രീകരിച്ച് അമിതിൻ്റെയും ഭാര്യയുടെയും ഫോണുമായി കടന്നുകളഞ്ഞു. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിൽ കൊട്ടേഷൻ കഥ ചുരുളഴിയുകയായിരുന്നു.