വസ്ത്രധാരണത്തിനുള്ള അവകാശത്തിൽ വസ്ത്രം അഴിക്കാനുള്ള അവകാശവും ഉൾപ്പെടുമോ?’; ഹിജാബ് വിവാദത്തിൽ സുപ്രീം കോടതി
വസ്ത്രം ധരിക്കാനുള്ള അവകാശത്തിൽ വസ്ത്രം അഴിക്കാനുള്ള അവകാശവും ഉൾപ്പെടുമോ എന്ന് സുപ്രീം കോടതി. സംസ്ഥാനത്തെ ചില സ്‌കൂളുകളിലും കോളജുകളിലും മുസ്ലിം പെൺകുട്ടികൾ ഹിജാബ് ധരിക്കുന്നത് വിലക്കിയ കർണാടക ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തുള്ള ഹർജികളിൽ കോടതിയിൽ വാദം തുടരുന്നു. ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാൻഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സർക്കാർ ഉത്തരവ് നിരുപദ്രവകരമല്ലെന്നും, ഭരണഘടനയുടെ ആർട്ടിക്കിൾ 19, 21, 25 പ്രകാരമുള്ള വിദ്യാർത്ഥികളുടെ മൗലികാവകാശങ്ങൾ ലംഘിക്കുന്നതാണെന്നും ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. ഹിജാബ് നിരോധിക്കുന്നത് മതാനുഷ്ഠാനത്തിനുള്ള അവകാശത്തെ ഹനിക്കില്ലെന്നും കോളജ് വികസന സമിതികൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം വാദിച്ചു. ഇന്ത്യ “പോസിറ്റീവ് സെക്യുലറിസമാണ്” പിന്തുടരുന്നതെന്നും, ആയതിനാൽ ഹർജിക്കാരെ യൂണിഫോമിന് പുറമെ ശിരോവസ്ത്രം ധരിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“വാദം യുക്തിരഹിതമായ ലക്ഷ്യങ്ങളിലേക്ക് കൊണ്ടുപോകാൻ കഴിയില്ല..വസ്ത്രം ധരിക്കാനുള്ള അവകാശം മൗലികാവകാശമാണെന്ന് നിങ്ങൾ പറഞ്ഞാൽ വസ്ത്രം അഴിക്കാനുള്ള അവകാശവും മൗലികാവകാശമായി മാറും” ജസ്റ്റിസ് ഗുപ്ത പറഞ്ഞു. എന്നാൽ സ്കൂളിൽ ആരും വസ്ത്രം അഴിക്കുന്നില്ലെന്ന് കാമത്ത് മറുപടി നൽകി. മറ്റെല്ലാ സമുദായങ്ങളും ഒരു വസ്ത്രധാരണ രീതി പിന്തുടരുമ്പോൾ ഒരു പ്രത്യേക സമൂഹം ശിരോവസ്ത്രം ധരിക്കണമെന്ന് നിർബന്ധിക്കുന്നു എന്നതാണ് ഇവിടെ പ്രശ്നം. മറ്റ് സമുദായങ്ങളിലെ വിദ്യാർത്ഥികൾ ഇത് ധരിക്കണമെന്ന് പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പല വിദ്യാർത്ഥികളും രുദ്രാക്ഷമോ കുരിശോ മതചിഹ്നമായി ധരിക്കുന്നുവെന്ന് അഭിഭാഷകൻ കാമത്ത് പറഞ്ഞപ്പോൾ “അത് ഷർട്ടിനുള്ളിലാണ് ഇടുന്നത്. ഷർട്ട് ഉയർത്തി ആരെങ്കിലും രുദ്രാക്ഷം ധരിച്ചിട്ടുണ്ടോ എന്ന് നോക്കാൻ പോകുന്നില്ല” ജഡ്ജി പ്രതികരിച്ചു. നാളെ രാവിലെ 11.30ന് വാദം കേൾക്കൽ പുനരാരംഭിക്കും.