സിഗരറ്റ് വലിക്കുന്ന ‘കാളീദേവി’യുടെ പോസ്റ്റര്‍; ലീന മണിമേഖലയ്ക്കെതിരെ കേസെടുത്ത് യുപി പൊലീസ്
ദില്ലി: സിഗരറ്റ് വലിക്കുന്ന ‘കാളീദേവി’യുടെ ഡോക്യുമെന്ററി പോസ്റ്റര്‍ വിവാദത്തില്‍ ചലച്ചിത്ര സംവിധായിക ലീന മണിമേഖലയ്ക്കെതിരെ (Leena Manimekalai) യുപി പൊലീസ് കേസെടുത്തു. ഹിന്ദു ദൈവങ്ങളെ അപകീർത്തികരമായി ചിത്രീകരിച്ചു എന്ന പരാതിയിലാണ് കേസ്. കാനഡയിൽ പ്രദർശിപ്പിക്കുന്ന കാളി സിനിമയുടെ പോസ്റ്റർ നേരത്തെ വിവാദമായിരുന്നു. ക്രിമിനൽ ഗൂഢാലോചന, ജനങ്ങൾക്കിടയിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുക, മത വികാരം വ്രണപ്പെടുത്തി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് യുപി പൊലീസ് കേസെടുത്തിരിക്കുന്നത്.
തമിഴ്നാട്ടിലെ മധുര സ്വദേശിയാണ് ലീന മണിമേഖല. ഇവരുടെ പുതിയ ഡോക്യുമെന്‍ററിയുടെ പോസ്റ്ററില്‍ കാളീദേവിയെ പോലെ വസ്ത്രധാരണം ചെയ്ത സ്ത്രീ പുകവലിക്കുന്നതാണ് ചിത്രീകരിച്ചിരിക്കുന്നത്. പശ്ചാത്തലത്തിൽ എൽജിബിടി സമൂഹത്തിന്റെ ഫ്ലാഗും കാണാം. ഇതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. കാളിദേവിയെ അപമാനിച്ചു എന്നാരോപിച്ച് മണിമേഖലക്കെതിരെ സമൂഹമാധ്യമങ്ങളിൽ വൻ പ്രതിഷേധമാണ് ഉയരുകയാണ്.
പുതിയ ഡോക്യുമെന്‍ററിയുടെ പോസ്റ്റർ ശനിയാഴ്ചയാണ് പങ്കുവെച്ചിരുന്നത്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ ഗൗ മഹാസഭയുടെ തലവൻ അജയ് ഗൗതം സിനിമ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ദില്ലി പൊലീസിനും ആഭ്യന്തരമന്ത്രാലയത്തിനും പരാതി നൽകി. #ArrestLeenaManimekalai എന്ന ഹാഷ് ടാഗ് ട്വിറ്ററിൽ ട്രെന്‍റിംഗ് ആയിരിക്കുകയാണ്.