Tuesday, January 7, 2025
National

മണിപ്പൂരിൽ വൻ ആയുധശേഖരം കണ്ടെടുത്ത് സുരക്ഷാസേന

വർഗീയ സംഘർഷം തുടരുന്ന മണിപ്പൂരിൽ വൻതോതിൽ ആയുധശേഖരം പിടികൂടി. മണിപ്പൂരിലെ ചുരാചന്ദ്പൂർ ജില്ലയിൽ നിന്നുമാണ് ആയുധങ്ങളും വെടിക്കോപ്പുകളും യുദ്ധ സാമഗ്രികളും കണ്ടെടുത്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്ത്യൻ ആർമി, അസം റൈഫിൾസ്, സെൻട്രൽ ആംഡ് പൊലീസ് ഫോഴ്സ് (സിഎപിഎഫ്), മണിപ്പൂർ പൊലീസ് എന്നിവർ സംയുക്ത ഓപ്പറേഷനിൽ പങ്കെടുത്തു.

ചുരാചന്ദ്പൂർ ജില്ലയിലെ ഖോഡാങ് ഗ്രാമത്തിൽ നിന്നുമാണ് ആയുധശേഖരവും വെടിക്കോപ്പുകളും പിടികൂടിയത്. ആകെ 15 ആയുധങ്ങൾ കണ്ടെടുത്തു. ഇതിൽ 14 മോർട്ടാറുകളും ഒരു സിംഗിൾ ബാരൽ തോക്കും ഉൾപ്പെടുന്നു. മണിപ്പൂർ, നാഗാലാൻഡ്, തെക്കൻ അരുണാചൽ പ്രദേശ് പ്രതിരോധ വക്താവ് ലെഫ്റ്റനന്റ് കേണൽ അമിത് ശുക്ലയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ സെപ്തംബർ 15 ന് തൗബാലിൽ നടത്തിയ ഓപ്പറേഷനിലും ആയുധ ശേഖരം കണ്ടെത്തിയിരുന്നു.

മണിപ്പൂരിൽ നാല് മാസമായി തുടരുന്ന വംശീയ സംഘർഷത്തിൽ 175 പേർ കൊല്ലപ്പെടുകയും 1,108 പേർക്ക് പരിക്കേൽക്കുകയും ചെയ്തു, 32 പേരെ കാണാതായിട്ടുണ്ട്. മെയ് മാസത്തിൽ ആരംഭിച്ച അക്രമത്തിൽ ഇതുവരെ 4,786 വീടുകൾക്ക് തീയിടുകയും 386 ആരാധനാലയങ്ങൾ നശിപ്പിക്കുകയും ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥർ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *