അനായാസം; ഏഷ്യന്‍ രാജാവായി ഇന്ത്യ; ശ്രീലങ്കയെ തോല്‍പ്പിച്ച് എട്ടാം കിരീടം ചൂടി
ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം. ശ്രീലങ്കയെ പത്തു വിക്കറ്റിന് പരാജയപ്പെടുത്തി ഇന്ത്യ എട്ടാം കിരീടം സ്വന്തമാക്കി. 51 റൺസ് എന്ന അനയാസ വിജയലക്ഷ്യം 6.1 ഓവറിലൽ വിക്കറ്റ് നഷ്ടമാകാതെ ഇന്ത്യ മറികടന്നു. ഓപ്പണർമാരായി ഇറങ്ങിയ ഇഷാൻ കിഷനും(23*) ശുഭ്മാൻ ഗില്ലും(27*) ഇന്ത്യയ്ക്ക് ഈസി വിൻ സമ്മാനിച്ചു.
അഞ്ചു വര്‍ഷത്തിനു ശേഷമാണ് ഇന്ത്യ ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിടുന്നത്. 2018-ലാണ് ഇന്ത്യ അവസാനമായി ടൂര്‍ണമെന്റില്‍ വിജയിക്കുന്നത്. ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 15.2 ഓവറില്‍ 50 റണ്‍സിന് ഓള്‍ഔട്ടാവുകയായിരുന്നു. മുഹമ്മദ് സിറാജാണ് ശ്രീലങ്കയെ വരിഞ്ഞുമുറുക്കിയത്. 21 റണ്‍സ് വഴങ്ങി ആറു വിക്കറ്റാണ് താരം നേടിയത്. ഇന്നിങ്‌സിന്റെ മൂന്നാം പന്തില്‍ കുശാല്‍ പെരേരയെ പുറത്താക്കി ജസ്പ്രീത് ബുംറ തുടക്കമിട്ട വിക്കറ്റ് വേട്ട നാലാം ഓവര്‍ മുതല്‍ സിറാജ് ഏറ്റെടുക്കുകയായിരുന്നു.
പവര്‍ പ്ലേയില്‍ സിറാജ് എറിഞ്ഞ 5 ഓവറുകളിലെ (30 പന്ത്) 26 പന്തുകളിലും റണ്‍നേടാന്‍ ലങ്കന്‍ താരങ്ങള്‍ക്കു സാധിച്ചില്ല. പതും നിസംഗ (നാല് പന്തില്‍ രണ്ട്), സധീര സമരവിക്രമ (പൂജ്യം), ചരിത് അസലങ്ക (പൂജ്യം), ധനഞ്ജയ ഡിസില്‍വ (രണ്ടു പന്തില്‍ നാല്), ക്യാപ്റ്റന്‍ ദസുന്‍ ശനക (പൂജ്യം), കുശാല്‍ മെന്‍ഡിസ് (34 പന്തില്‍ 17) എന്നിവരാണ് സിറാജിന്റെ വിക്കറ്റുകള്‍.