Saturday, October 19, 2024
National

‘ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു’; ദ്വിദിന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന് സമാപനം

പുനഃസംഘടനയ്ക്ക് ശേഷം നടന്ന രണ്ട് ദിവസത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം അവസാനിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും വിജയം സുനിശ്ചിതമെന്ന് കോണ്‍ഗ്രസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളുടെ തുടക്കവും പ്രവര്‍ത്തക സമിതിയോഗത്തില്‍ തീരുമാനിച്ചു.

സനാതന ധര്‍മ വിവാദം, ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് കേന്ദ്ര അജണ്ട, അതിര്‍ത്തി സുരക്ഷാ വെല്ലുവിളികള്‍, മണിപ്പൂര്‍ വിഷയം, ചൈന അതിര്‍ത്തി തര്‍ക്കം, കശ്മീര്‍ വിഷയം തുടങ്ങിയ വിവിധ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന 14 പ്രമേയങ്ങള്‍ യോഗം ഇന്നലെ പാസാക്കി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പാര്‍ട്ടി മുന്നൊരുക്കള്‍ ചര്‍ച്ച ചെയ്ത പ്രവര്‍ത്തക സമിതിയോഗം, രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതായി വ്യക്തമാക്കി.

അഭിപ്രായ വ്യത്യാസങ്ങളും വ്യക്തിതാത്പര്യങ്ങളും മാറ്റിവച്ച് പാര്‍ട്ടി ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറഞ്ഞു. പാര്‍ട്ടിയുടെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായി സംഭവിക്കാതിരിക്കാന്‍ നേതാക്കള്‍ സംയമനം നടത്തണം. നേതാക്കള്‍ക്കെതിരെ മാധ്യമങ്ങളില്‍ പ്രസ്താവനകള്‍ നടത്തരുത്. ജനാധിപത്യത്തെ സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി നിന്ന് ഏകാധിപത്യ സര്‍ക്കാരിനെ അട്ടിമറിക്കണമെന്നും ഖാര്‍ഗെ കൂട്ടിച്ചേര്‍ത്തു.

ഛത്തീസ്ഗഢ്, മധ്യപ്രദേശ്, മിസോറാം, രാജസ്ഥാന്‍, തെലങ്കാന സംസ്ഥാനങ്ങളിലാണ് വരുംമാസങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. വരാനിരിക്കുന്ന പേരാട്ടത്തിന് കോണ്‍ഗ്രസ് പാര്‍ട്ടി സജ്ജമാണ്. നമ്മുടെ രാജ്യത്തെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നുവെന്ന് ഉറപ്പാണെന്നും പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.

Leave a Reply

Your email address will not be published.