സമീപഭാവിയിൽ തന്നെ പെട്രോൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുമെന്ന് കേന്ദ്രം; കൗൺസിൽ യോഗം ഇന്ന്
പെട്രോൾ വില ഉടൻ ജി എസ് ടിയിൽ ഉൾപ്പെടുത്തില്ലെന്ന് കേന്ദ്രസർക്കാർ. എന്നാൽ ഭാവിയിൽ പെട്രോൾ ജി എസ് ടിയിൽ ഉൾപ്പെടുത്തുമെന്നും ഇതിനുള്ള സമയക്രമം തീരുമാനിക്കാനാണ് ശ്രമമെന്നും കേന്ദ്രം വ്യക്തമാക്കി. ഇന്ന് ജി എസ് ടി കൗൺസിൽ യോഗം ലക്‌നൗവിൽ ചേരുന്നുണ്ട്.
പെട്രോൾ, ഡീസൽ എന്നിവ ജി എസ് ടിയിൽ ഉൾപ്പെടുത്തണോയെന്നതിൽ ഇന്നത്തെ യോഗം ചർച്ച ചെയ്യും. എത്രകാലം ഇത് ഉൾപ്പെടുത്താതെ നീട്ടിക്കൊണ്ടു പോകാനാകുമെന്ന് കേന്ദ്രം ചോദിക്കുന്നു. എന്ന് ഉൾപ്പെടുത്താനാകുമെന്ന സമയപരിധിയെങ്കിലും ഇന്നത്തെ യോഗത്തിൽ ധാരണയായേക്കും. പാനലിലുള്ള നാലിൽ മൂന്ന് അംഗങ്ങളുടെ അനുമതി ലഭിച്ചാൽ ഇവ ജി എസ് ടി പരിധിയിൽ വരുത്താം.
അതേസമയം ഭൂരിപക്ഷം സംസ്ഥാനങ്ങളും പെട്രോൾ, ഡീസൽ ജി എസ് ടിയിൽ ഉൾപ്പെടുത്തുന്നതിനെ എതിർക്കുന്നുണ്ട്. കേരളം എതിർപ്പുന്നയിച്ച വെളിച്ചെണ്ണയുടെ ജി എസ് ടി നിരക്ക് ഉയർത്തുന്നതും യോഗം ഇന്ന് പരിഗണിക്കും.