ആസ്തികള്‍ വിറ്റഴിച്ച് തുക കണ്ടെത്തും; രാജ്യത്ത് ബാഡ് ബാങ്കിന് അംഗീകാരം
ന്യൂഡെൽഹി: കണ്ടുകെട്ടിയ ആസ്തികൾ വിറ്റഴിച്ചു ബാങ്കുകൾക്ക് തുക കൈമാറുന്ന ബാഡ് ബാങ്കിന് അംഗീകാരമായി. 30600 കോടിയുടെ ഗ്യാരന്റി കേന്ദ്ര സർക്കാർ നൽകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്രമന്ത്രി സഭായോഗത്തിലാണ് ബാഡ് ബാങ്കിന് അനുമതി നൽകിയത്.
കിട്ടാക്കടത്തിൽ നട്ടം തിരിയുന്ന ബാങ്കുകൾക്ക് ആശ്വാസ നടപടിയുമായി നാഷ്ണൽ അസെറ്റ് റീകൺസ്ട്രക്ഷൻ കമ്പനിക്ക് അംഗീകാരം നൽകിയതായി കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. ബാങ്കിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾ ആ രംഗത്ത് മികവ് പുലർത്തുന്നുണ്ടെങ്കിലും കണ്ടുകെട്ടിയ ആസ്തികൾ വിറ്റഴിക്കാൻ അവർക്ക് കഴിയുന്നില്ല. ഇതിനൊരു പരിഹാരമായിട്ടാണ് ബാഡ് ബാങ്ക് നിലവിൽ വരുന്നത്.
ആസ്തികൾ കൈമാറ്റം ചെയ്തു ലഭിക്കുന്ന തുക ബാങ്കുകൾക്ക് ബാഡ് ബാങ്ക് കൈമാറുമ്പോൾ നിശ്ചിത തുക ഫീസായി നല്‍കണം. കാനറാ, ഐഡിബിഐ തുടങ്ങിയ ബാങ്കുകൾക്കായിരിക്കും ബാഡ് ബാങ്കിൽ ഷെയർ ഉണ്ടാവുക. കോർപറേറ്റ് അഫയേഴ്‌സ് മന്ത്രാലയത്തിന്‍റെ കീഴിലായിരിക്കും ബാഡ് ബാങ്ക് പ്രവർത്തിക്കുക. റിസർവ് ബാങ്കിന്‍റെ അനുമതിക്കായി ഉടൻ സമീപിക്കും.