തമിഴ്നാട്ടിലെ റെയ്ഡ്: ജോലി എളുപ്പമാക്കിയെന്ന് സ്റ്റാലിൻ, വിരട്ടാൻ നോക്കേണ്ടെന്നും ഇഡി രാജെന്നും കോൺഗ്രസ്
ബെംഗളൂരു: മന്ത്രി കെ പൊന്മുടിയുടെ ഔദ്യോഗിക വസതിയിലടക്കം എൻഫോഴ്സ്മെന്റ് വിഭാഗം നടത്തുന്ന റെയ്ഡിനെ വിമർശിച്ച് ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിനും കോൺഗ്രസ് നേതാക്കളും രംഗത്ത്. ബെംഗളൂരുവിൽ പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിനെത്തിയതായിരുന്നു എംകെ സ്റ്റാലിൻ. പ്രതിപക്ഷ യോഗത്തെ കുറിച്ച് വിശദീകരിക്കാൻ നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു കോൺഗ്രസ് നേതാക്കളുടെ റെയ്ഡിനെതിരായ വിമർശനം. തമിഴ്നാട് പിസിസിയും റെയ്ഡിനെ വിമർശിച്ച് രംഗത്ത് വന്നു.
തമിഴ്നാട്ടിൽ ഗവർണർ ഡിഎംകെയ്ക്ക് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയെന്ന് പരിഹസിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഇഡി തങ്ങളുടെ ജോലി എളുപ്പമാക്കിയെന്നും പ്രതികരിച്ചു. പ്രതിപക്ഷം ഐക്യം തകർക്കാനാണ് എൻഫോഴ്സ്മെന്റിന്റെ ശ്രമം. ഡിഎംകെയ്ക്ക് ഇതിനെ നേരിടാൻ അറിയാം. ഒന്നിനെയും ഭയക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഡി റെയ്ഡിനെതിരെ രംഗത്ത് വന്ന തമിഴ്നാട് പിസിസി അധ്യക്ഷൻ കെഎസ് അഴഗിരി വിരട്ടിയാൽ പേടിക്കില്ലെന്നും ഇഡി നടപടികൾ ബിജെപിയെ ദുർബലപ്പെടുത്തുമെന്നും പ്രതികരിച്ചു. രാജ്യത്ത് ഇഡി രാജാണ് നടക്കുന്നതെന്ന് ബെംഗളൂരുവിൽ വാർത്താ സമ്മേളനം നടത്തിയ കോൺഗ്രസ് നേതാക്കൾ കെസി വേണുഗോപാലും ജയ്റാം രമേശും വിമർശിച്ചു.
നാളത്തെ പ്രതിപക്ഷ യോഗം നിർണായകമാണെന്ന് ജയ്റാം രമേശ് പറഞ്ഞു. പാറ്റ്ന യോഗത്തിന്റെ തുടർച്ചയാണ് നാളത്തെ യോഗം. 26 പാർട്ടികൾ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യം ഉറപ്പാക്കാനും ജനാധിപത്യ സ്ഥാപനങ്ങൾ സംരക്ഷിക്കാനുമാണ് പ്രതിപക്ഷ ഐക്യമെന്ന് കെസി വേണുഗോപാൽ പ്രതികരിച്ചു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുകയാണ്. രാഹുലിന്റെ അയോഗ്യത, മഹാരാഷ്ട്രയിലെ അട്ടിമറി, തമിഴ്നാട്ടിലടക്കമുള്ള റെയ്‌ഡുകളും ജനാധിപത്യത്തെ തകർക്കുന്നതാണ്. മണിപ്പൂർ കത്തുമ്പോഴും സർക്കാർ ഒരു നടപടിയും എടുത്തില്ല. പ്രധാനമന്ത്രി മോദി നിശബ്ദനാണ്.
വിലക്കയറ്റം അതിന്റെ മൂർദ്ധന്യത്തിൽ നിൽക്കുകയാണെന്നും ജനങ്ങൾ ഇതിന് മറുപടി നൽകുമെന്നും കെസി വേണുഗാപൽ പറഞ്ഞു. ഞങ്ങൾ ഒത്തു ചേർന്നത് ഒന്നിച്ച് മുന്നോട്ട് നീങ്ങാനാണ്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിക്കുക. ഭാവി പരിപാടികൾ ചർച്ച ചെയ്യും. പാർലമെന്റിൽ സ്വീകരിക്കേണ്ട നടപടികളും നയങ്ങളും ചർച്ച ചെയ്യും. നാളത്തെ എൻഡിഎ യോഗം പ്രതിപക്ഷ യോഗത്തെ നേരിടാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംയുക്ത പ്രതിപക്ഷ യോഗം ഒരു തുടക്കം മാത്രമാണെന്ന് ഡികെ ശിവകുമാർ പറഞ്ഞു. നാളെ വിശദമായ ചർച്ചകൾ ഉണ്ടാകും. ഇതൊരു പാർട്ടിയുടെ മാത്രം അജണ്ട നടപ്പാക്കലല്ല. യോഗത്തിന് ആതിഥ്യം വഹിക്കാൻ കഴിഞ്ഞതിൽ സന്തോഷം. കർണാടകയിലെ വിജയം രാജ്യമാകെ ആവർത്തിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പങ്കുവച്ചു.
പ്രതിപക്ഷം ഒരു ക്രിയാത്മക നയം രാജ്യത്തിന് മുന്നിൽ വയ്ക്കുമെന്ന് ജയ്റാം രമേശ് വ്യക്തമാക്കി. പാർലമെന്റിനകത്തും പുറത്തും സ്വീകരിക്കേണ്ട സമരപരിപാടി ആലോചിക്കും. എല്ലാ പ്രശ്നങ്ങളും ഒന്നോ രണ്ടോ യോഗങ്ങളിൽ പരിഹരിക്കും. ഇത് കോൺഗ്രസിന്റെ മാത്രം തീരുമാനം അല്ലെന്നും ഒറ്റ യോഗത്തിൽ പ്രശ്നങ്ങൾ എല്ലാം പറഞ്ഞ് പരിഹരിക്കാനാകില്ലെന്നും ജയ്റാം രമേശ് പറഞ്ഞു. ഭരണഘടനയെ അവഹേളിക്കുന്ന പാർട്ടിയുടെ ഒപ്പം നിൽക്കണോ എന്ന് പാർട്ടികൾ തീരുമാനിക്കട്ടെയെന്നും അദ്ദേഹം പ്രതികരിച്ചു.