കോൺഗ്രസ് പുനസംഘടന : കെ സുധാകരന്റെ അനുനയത്തിന് വഴങ്ങാതെ ഐ ഗ്രൂപ്പ്
കോൺഗ്രസ് പുനസംഘടന വിഷയത്തിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അനുനയത്തിന് വഴങ്ങാതെ ഐ ഗ്രൂപ്പ്. കോൺഗ്രസ് പുനഃസംഘടനയിൽ കെപിസിസി നടപടികളിൽ തൃപ്തിയില്ലെന്ന് രമേശ് ചെന്നിത്തല തുറന്നടിച്ചു. അതുകൊണ്ടാണ് ഹൈക്കമാൻഡിനെ സമീപിച്ചത്. ഇനി തീരുമാനം എടുക്കേണ്ടത് ഹൈക്കമാൻഡാണ്. കെപിസിസി പ്രസിഡന്റ് വിളിച്ചത് കൊണ്ടാണ് ചർച്ചയ്ക്ക് വന്നത് എന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. വിഡി സതീശനാണോ പ്രശ്നത്തിന് കാരണമെന്ന ചോദ്യത്തിന് നിങ്ങൾ വിലയിരുത്തൂ എന്നാണ് അദ്ദേഹം മറുപടി നൽകിയത്. കെപിസിസി പുനസംഘടനയിൽ അതൃപ്തി അറിയിച്ച് കേന്ദ്ര നേതൃത്വത്തിന് പരാതി നൽകിയ എംഎം ഹസൻ കെപിസിസി ഓഫീസിൽ എത്തി. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംഎം ഹസനുമായും ചർച്ച നടത്തും.
സംയുക്ത ഗ്രൂപ്പ് യോഗം ചേർന്നോ ഇല്ലയോ എന്ന് തനിക്ക് അറിയില്ല എന്ന് കെപിസിസി പ്രസിഡൻ്റ് കെ.സുധാകരൻ നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. കടൽ ഇളകി വന്നിട്ടും കോൺഗ്രസ് അത് പരിഹരിച്ചിട്ടുണ്ട്. കൊടുങ്കാറ്റ് വീശിയിട്ടും ഒന്നും സംഭവിച്ചിട്ടില്ല, പ്രശ്നങ്ങൾ പരിഹരിക്കും എന്നും കെ സുധാകരൻ പ്രതികരിച്ചു. ഇന് രാവിലെയാണ് കോൺഗ്രസ് നേതൃത്വത്തെ വെല്ലുവിളിച്ച് എ, ഐ ഗ്രൂപ്പ് നേതാക്കൾ തിരുവനന്തപുരത്ത് സംയുക്ത യോഗം ചേർന്നത്.
തനിക്ക് ഉത്തരവാദിത്തമുണ്ട് എന്ന് സുധാകരൻ പറഞ്ഞു. എല്ലാവരുമായി കൂടിയാലോചന നടത്തിയാണ് പുനസംഘടന. 85% പേരെയും അങ്ങനെയാണ് തീരുമാനിച്ചത്. ചർച്ച നടത്തിയില്ല എന്ന് പറയുന്നത് ശുദ്ധ നുണയാണ്. പ്രതിപക്ഷ നേതാവ് ഒരു പാതകവും ചെയ്തിട്ടില്ല. ഇതുപോലെ ചർച്ച നടത്തിയ മറ്റൊരു പുനസംഘടന കോൺഗ്രസ് ചരിത്രത്തിൽ ഉണ്ടായിട്ടില്ല. പാർട്ടിയിൽ വനിതാ പ്രാതിനിധ്യം ഉണ്ട്. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. അത് മാധ്യമങ്ങൾ കൊട്ടിഘോഷിക്കേണ്ട എന്നും അദ്ദേഹം പ്രതികരിച്ചു.