Monday, January 6, 2025
Kerala

കാറിന്റെ ടയര്‍ പഞ്ചറാക്കിയ ശേഷം കുടുംബത്തെയടക്കം അപായപ്പെടുത്താന്‍ ശ്രമിച്ചു; കോയമ്പത്തൂരില്‍ മലയാളികളെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍

തമിഴ്‌നാട് കോയമ്പത്തൂര്‍ മധുക്കരയില്‍ ഹൈവേ റോബറിസംഘം മലയാളികളെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍. ഹൈവേ റോബറി സംഘത്തിന്റെ കയ്യില്‍ നിന്നും രക്ഷപ്പെട്ട അനുഭവം തുറന്നുപറഞ്ഞ് കൊല്ലം പുനലൂര്‍ സ്വദേശി ഷാജി രംഗത്തെത്തി. തന്നെയും കുടുംബത്തെയും കവര്‍ച്ചാ സംഘം അപകടപ്പെടുത്താന്‍ ശ്രമിച്ചത് കാറിന്റെ ടയര്‍ പഞ്ചറാക്കിയ ശേഷമാണ്. മാര്‍ച്ച് 27ന് തിരുപ്പതി ക്ഷേത്രദര്‍ശനം കഴിഞ്ഞ് വരുമ്പോഴാണ് ഷാജിയേയും കുടുംബത്തെയും അപായപ്പെടുത്താന്‍ ശ്രമിച്ചത്.

ഹോട്ടലുകാരുടെ സഹായത്തോടെയാണ് പ്രദേശത്തുനിന്ന് രക്ഷപ്പെട്ടത്. ഇത്തരത്തില്‍ ടയര്‍ പഞ്ചറായാല്‍ പ്രദേശത്ത് കുടുങ്ങുന്നവരെ ആക്രമിക്കാന്‍ എളുപ്പമാണെന്നും ഷാജി പറഞ്ഞു. സമാനമായ അനുഭവം പങ്കുവെച്ച് ഒന്നിലധികം മലയാളികള്‍ രംഗത്ത് വന്നിട്ടുണ്ട്. കുന്നത്തുനാട് സ്വദേശികളായ യുവാക്കളെ ആക്രമിച്ച സംഭവം ഇന്നലെ വാര്‍ത്തയാക്കിയത് പിന്നാലെയാണ് പുനലൂര്‍ സ്വദേശിയും പ്രവാസിയുമായ ഷാജി തനിക്കുണ്ടായ അനുഭവം വ്യക്തമാക്കിയത്.

കേസില്‍ ഇനിയും രണ്ടു പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറഞ്ഞു. പ്രതികള്‍ക്ക് വേണ്ടി അന്വേഷണം ഊര്‍ജ്ജിതമാണെന്നും മധുക്കര പൊലീസ് അറിയിച്ചു. കോയമ്പത്തൂരില്‍ മലയാളി യുവാക്കള്‍ സഞ്ചരിച്ച വാഹനം ഹൈവേ റോബറി സംഘം അക്രമിച്ച സംഭവം 24 പുറത്തുവിടുകയായിരുന്നു. ഇതിന് പിന്നാലെയാണ് കൂടുതല്‍ വെളിപ്പെടുത്തലുകളും. പൊലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇവര്‍ക്കൊന്നും നീതി ലഭിച്ചിട്ടില്ല. അതേസമയം ഇന്നലെ അക്രമത്തിനിരയായ മലയാളി യുവാക്കളോട് കുന്നത്തുനാട് പൊലീസ് മോശമായി പെരുമാറിയ സംഭവത്തില്‍ പൊലീസിനെതിരെ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *