ഫിറോസ് ഗാന്ധിയുടെയും ഇന്ദിരഗാന്ധിയുടെയും നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണം; സവർക്കറെ പിന്തുണച്ച് അനിൽ ആൻ്റണി
സവർക്കറെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകൻ അനിൽ ആൻ്റണി. ഇന്ത്യൻ എക്സ്പ്രസിൻ്റെ ഒരു ആർട്ടിക്കിൾ പങ്കുവച്ചുകൊണ്ടാണ് അദ്ദേഹം ട്വിറ്ററിലൂടെ സവർക്കറെ പിന്തുണച്ചത്. ഫിറോസ് ഗാന്ധിയുടെയും ഇന്ദിരഗാന്ധിയുടെയും നിരീക്ഷണങ്ങളിൽ നിന്ന് ഇപ്പോഴത്തെ പ്രതിപക്ഷ നേതാക്കൾ പഠിക്കണമെന്നും സ്വാതന്ത്ര്യ സമരസേനാനിയായ സവർക്കറെ അപമാനിക്കുന്നതിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘സ്വാതന്ത്ര്യ സമര സേനാനിയായ സവർക്കറെ തീവ്രമായി അപമാനിക്കുന്ന പ്രതിപക്ഷ നേതാക്കൾ ഫിറോസ് ഗാന്ധിയെയും ഇന്ദിര ഗാന്ധിയെയും പോലുള്ളവരുടെ നിരീക്ഷണങ്ങളിൽ നിന്ന് പഠിക്കണം. അങ്ങനെയെങ്കിൽ ഇപ്പോഴത്തെ കയ്പേറിയ പല അഭിപ്രായങ്ങളും ഒഴിവാക്കാമായിരുന്നു. ദേശീയവും പൊതുതാൽപ്പര്യവുമുള്ള പ്രസക്തമായ വിഷയങ്ങളിൽ രാഷ്ട്രീയ വ്യവഹാരങ്ങൾ നടത്താമായിരുന്നു.’- അനിൽ ആൻ്റണി കുറിച്ചു.