Thursday, January 9, 2025
National

ജമ്മു കശ്‌മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിൻ്റെ സഹായിയുടെ വീട്ടിൽ സിബിഐ റെയ്ഡ്

ജമ്മു കശ്‌മീരിൻ്റെ മുൻ ഗവർണർ സത്യപാൽ മാലിക്കിൻ്റെ സഹായിയുടെ വീട്ടിൽ സിബിഐ റെയ്ഡ്. സത്യപാൽ മാലിക്കിൻ്റെ മുൻ മാധ്യമ ഉപദേഷ്ടാവ് സുനക് ബാലിയുടെ ഡൽഹിയിലെ വീട്ടിലടക്കമാണ് സിബിഐ പരിശോധന നടത്തുന്നത്. അഴിമതി ആരോപണവുമായി ബന്ധപ്പെട്ട് സത്യപാൽ മാകിലിനെ ആഴ്ചകൾക്കു മുൻപ് സിബിഐ ചോദ്യം ചെയ്തിരുന്നു.

അനിൽ അംബാനിയുടെ നേതൃത്വത്തിലുള്ള റിലയൻസ് ജനറൽ ഇൻഷുറൻസ് ഉൾപ്പെട്ട ഇൻഷുറൻസ് പദ്ധതിയിൽ ക്രമക്കേടുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് പരിശോധന നടക്കുന്നത്. ഈ വിഷയത്തിൽ തനിക്ക് കൈക്കൂലി നൽകാൻ ശ്രമിച്ചതായി മാലിക് ആരോപിച്ചതിനെ തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ആർഎസ്എസ് നേതാവ് രാംമാദവ് റിലയൻസ് ഇൻഷുറൻസ് പദ്ധതി റദ്ധാക്കാതിരിക്കാൻ തനിക്ക് മേൽ സമ്മർദ്ധം ചെലുത്താൻ ശ്രമിച്ചതായും, പദ്ധതിയെ കുറിച്ച് അന്വേഷിക്കാൻ ഒരു ദിവസം രാവിലെ 7 മണിക്ക് തന്റെ ഔദ്യോഗിക വസതിയിൽ എത്തിയതായും സത്യപാൽ മാലിക് വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേസിൽ സിബിഐ അന്വേഷണം ആരംഭിച്ചത്.

കഴിഞ്ഞ ഏപ്രിലിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് സത്യപാൽ മാലിക് രംഗത്തുവന്നിരുന്നു. അപകടകരമായ ആളുകളാണ് രാജ്യം ഭരിക്കുന്നത് അതിന് നേതൃത്വം നൽകുന്നത് കളങ്കിതനായ വ്യക്തിയാണ്. ഇക്കൂട്ടർ അധികാരത്തിൽ വന്നാൽ കർഷകരുടെ ജീവിതം അവസാനിക്കുമെന്നും സത്യപാൽ മാലിക് പറഞ്ഞു. രാജസ്ഥാനിലെ സിക്കാർ ജില്ലയിൽ കർഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ വിമർശനം.

പുൽവാമ ഭീകരാക്രമണത്തിൽ കേന്ദ്ര സർക്കാരിനു വീഴ്ചയുണ്ടായെന്ന് അദ്ദേഹം ആവർത്തിച്ചു. “ആഭ്യന്തര മന്ത്രാലയം അഞ്ച് വിമാനങ്ങൾ നൽകിയിരുന്നെങ്കിൽ 40 സൈനികരുടെ ജീവൻ രക്ഷിക്കാമായിരുന്നു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും എന്തെങ്കിലും പറയുന്നതിൽ നിന്ന് എന്നെ വിലക്കി. തെരഞ്ഞെടുപ്പിലെ നേട്ടങ്ങൾക്കായി വിഷയം രാഷ്ട്രീയവൽക്കരിക്കപ്പെടുമെന്ന് അന്നുതന്നെ ഞാൻ മനസ്സിലാക്കി. ഏതുതരം അപകടകാരികളാണ് രാജ്യം ഭരിക്കുന്നതെന്ന് നിങ്ങൾക്ക് ഊഹിക്കാം. അവർക്ക് അവരുടെ സൈനികരോടും രാജ്യത്തോടും ഒരു സഹതാപവുമില്ല.”- സത്യപാൽ മാലിക് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *