കാട്ടാക്കട കോളേജിൽ നടന്നത് വിചിത്രസംഭവം, കേട്ടുകേൾവി പോലുമില്ല; ഉന്നത വിദ്യാഭ്യാസ മേഖല വൻ തകർച്ചയിൽ : സതീശൻ
തിരുവനന്തപുരം : കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല വൻ തകർച്ചയിലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എട്ട് സർവകലാശാലകളിൽ വിസിമാരില്ലെന്ന് വിഡി സതീശൻ പറഞ്ഞു.ഇഷ്ടക്കാർക്ക് ചാർജ്ജ് കൊടുത്ത ഇൻചാർജ് ഭരണമാണ് നടക്കുന്നത്. സേർച്ച് കം സെലക്ഷൻ കമ്മിറ്റി പ്രതിസന്ധിയിലാണ്. സർക്കാരും ഉന്നത വിദ്യാഭ്യാസ മന്ത്രിയും നോക്കുകുത്തികളായി. 66 സർക്കാർ കോളേജുകളിൽ പ്രിൻസിപ്പൽമാരില്ല. പി എസ് സി അംഗീകരിച്ച 43 പേരുടെ ലിസ്റ്റ് മന്ത്രിയുടെ മേശപ്പുറത്തിരിക്കുന്നു. സിപിഎമ്മിന്റെ ഇഷ്ടക്കാർ ലിസ്റ്റിലില്ലാത്തതാണ് കാരണം. വിദ്യാർത്ഥികൾ കൂട്ടത്തോടെ നാടുവിടുന്നു.
കാട്ടാക്കട ക്രിസ്റ്റ്യൻ കോളേജിലെ എസ്എഫ്ഐ ആൾമാറാട്ടം വിചിത്രസംഭവമെന്നും വിഡി സതീശൻ പ്രതികരിച്ചു. കേട്ടുകേൾവി പോലും ഇല്ലാത്ത സംഭവമാണ്. ആര് ഭീഷണിപ്പെടുത്തിയാണ് പ്രിൻസിപ്പൽ ഇത് ചെയ്തതെന്ന് ചോദിച്ച സതീശൻ എസ്എഫ്ഐ നേതൃത്വം ക്രിമിനലുകളുടെ കയ്യിലെന്നും പറഞ്ഞു. സിപിഎം നേതാക്കളുടെ അറിവോടെയാണ് സംഭവം നടന്നതെന്നും അദ്ദേഹം ആരോപിച്ചു. കാട്ടാക്കട പ്രിൻസിപ്പലിനെയും സമ്മർദ്ദം ചെലുത്തിയവരേയും എല്ലാം ഉൾപ്പെടുത്തി അന്വേഷണം വേണം, ക്രിമിനൽ കുറ്റം ആണ്.
കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനം ഇടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചവെന്ന് ദൃശ്യങ്ങൾ സഹിതം വിഡി ആരോപിച്ചു. റോഡിലെ ക്യാമറ പ്രതിപക്ഷം ഇനി നിയമവഴിക്ക് നീങ്ങും. കള്ള കമ്പനികളെ മുൻ നിർത്തി മുഖ്യമന്ത്രി പ്രതിപക്ഷത്തെ വിരട്ടാൻ നോക്കുന്നു. ഇനിയും അഴിമതി കഥകളുണ്ട്. എല്ലാം പുറത്ത് വന്നാൽ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കേണ്ടിവരും. യുഡിഎഫ് വിപുലീകരണത്തിന് തീരുമാനം ഉണ്ട്. ഒരു പാർട്ടിയുമായും കൂടിയാലോചന നടത്തിയിട്ടില്ല. രാഷ്ട്രീയ ചർച്ചകൾക്ക് ഇനിയും സമയം ഉണ്ട്. കേരള കോൺഗ്രസുമായി ഒരു ചർച്ചയും നടന്നിട്ടില്ലെന്നും വി ഡി സതീശൻ പറഞ്ഞു.