‘നിർഭയ പത്രപ്രവർത്തനം തുടരും, ഭാവിയിലും അന്വേഷണത്തോട് സഹകരിക്കും’; ബിബിസി
ഭീതിയോ പക്ഷപാതമോ ഇല്ലാതെ മാധ്യമപ്രവര്‍ത്തനം തുടരുമെന്ന് ബിബിസി. മുംബൈയിലെയും ഡൽഹിയിലെയും ഓഫീസുകളിൽ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി റെയ്ഡ് പൂര്‍ത്തിയായതിന് പിന്നാലെയാണ് ബിബിസിയുടെ പ്രസ്താവന. അന്വേഷണത്തിൽ ആദായ നികുതി അധികാരികളുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ഭാവിയിലും ഇത് തുടരുമെന്നും ബിബിസി അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് മുംബൈയിലെയും ഡൽഹിയിലെയും ബിബിസി ഓഫീസുകളിൽ മൂന്ന് ദിവസമായി നടന്നിരുന്ന ആദായനികുതി വകുപ്പിന്റെ റെയ്ഡ് അവസാനിച്ചത്. ഡൽഹിയിൽ 60 മണിക്കൂറും മുംബൈയിൽ 55 മണിക്കൂറുമാണ് സർവേ നടത്തിയത്. ബിബിസി ഓഫീസിൽ നിന്ന് നിരവധി രേഖകളും പെൻഡ്രൈവുകളും ഹാർഡ് ഡ്രൈവുകളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തുവെന്നാണ് വിവരം.
അക്കൗണ്ട്സ് വിഭാഗത്തിന്റെ കംപ്യൂട്ടറുകളുടെ ഡിജിറ്റല്‍ പകര്‍പ്പ് ഉദ്യോഗസ്ഥര്‍ ശേഖരിച്ചു. ദൈര്‍ഘ്യമേറിയ ചോദ്യം ചെയ്യലുകള്‍ നേരിടേണ്ടിവന്ന വന്ന ജീവനക്കാരെ പിന്തുണയ്ക്കുന്നു. ഉദ്യോഗസ്ഥരുമായി സഹകരിക്കുമെന്നും വിഷയം ഉടനടി അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബിബിസി പുറത്തുവിട്ട കുറിപ്പില്‍ പറയുന്നുണ്ട്.